23
Saturday
January 2021

കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ആര്‍ട്ട് ഗാലറി, സ്റ്റുഡിയോ സമുച്ചയം എന്നിവ ഉദ്ഘാടനം ചെയ്തു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം : കലാവിഷ്‌കാരങ്ങളും കലാകാരന്‍മാരും ആക്രമിക്കപ്പെടുകയും പരസ്യമായി ആക്രമണാഹ്വാനം മുഴക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് ആര്‍ട്ട് ഗാലറി, സ്റ്റുഡിയോ സമുച്ചയം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലയ്ക്കും കലാകാരന്‍മാര്‍ക്കും വേണ്ടി കൂടുതല്‍ സംവാദസ്ഥലങ്ങള്‍ ആവശ്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്വതന്ത്രവും ധീരവുമായ മനുഷ്യാവിഷ്‌കാരത്തിന്റെ ഇടമാകണം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് പോലുള്ള സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഴുതപ്പെട്ട ചരിത്രത്തിനപ്പുറം ഒരു കലാത്മകചരിത്രംകൂടി ഉണ്ടാകണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രകാരന്മാർ വിട്ടുപോയ ഭാഗം കൂട്ടിച്ചേര്‍ത്ത് ചരിത്രം സമഗ്രമാക്കുകയാണ് കലാകാരന്മാരുടെ ഉത്തരവാദിത്വം. വ്യവസ്ഥിതിയുടെ സംരക്ഷകര്‍ എഴുതുന്നതല്ല, അവര്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതാണ് ചരിത്രം. പൂഴ്്ത്തിവയ്ക്കാന്‍ ശ്രമിക്കുന്നവയില്‍ ഉജ്ജ്വലങ്ങളായ കലാപത്തിന്റെ ചരിത്രമുണ്ട്. അത് മുന്നോട്ടുചലിക്കാന്‍ ഊര്‍ജം പകരുന്നവയാണ്. ചരിത്രം യുദ്ധങ്ങളുടെയും ആഘോഷങ്ങളുടെയും മാത്രമല്ല, സമൂഹത്തിന്റെ സാംസ്‌കാരികമാറ്റങ്ങളുടെ ആന്തരികമായി സംഭവിക്കുന്ന മാനസികപരിണാമങ്ങളുടേതുകൂടിയാണ്. അത് ഏറ്റവും നന്നായി ആവിഷ്‌കരിക്കപ്പെടുന്നത് കലാരൂപങ്ങളിലൂടെയാണ്. അതാണ് കലാകാരന്മാർ വേട്ടയാടപ്പെടാനുള്ള കാരണം. രാജാക്കന്മാരുടെ ചരിത്രം പ്രചരിപ്പിക്കുന്ന വ്യഗ്രതയില്‍ അയ്യങ്കാളി സ്‌കൂളിലേക്കു കൂട്ടിക്കൊണ്ടുപോയ പഞ്ചമിയുടെയും മാറിടം മുറിച്ച നങ്ങേലിയുടെയും ചരിത്രം മറക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീല്‍ അധ്യക്ഷതവഹിച്ചു. നവോത്ഥാനത്തിന്റെ കാലികപ്രസക്തി വിളിച്ചോതുന്ന ഒരു കാലത്താണ് ഇത്തരമൊരു നവോത്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നതെന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൈതൃകപാരമ്പര്യങ്ങളെ കാത്തുസൂക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുക എന്നത് ഏതൊരു വ്യക്തിയുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം പറയുന്നവരെ ആക്രമിക്കുന്ന പ്രവണത കേരളത്തിലും തുടങ്ങിയതായി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇവിടുത്തെ ജനസഞ്ചയം നവീനചിന്തകളെ പിന്തുണയ്ക്കുന്നവരായതിനാല്‍ യാഥാസ്ഥിതികചിന്തകള്‍ക്ക് ശക്തി പ്രാപിക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്.ശിവകുമാര്‍ എം.എല്‍.എ, മേയര്‍ അഡ്വ.വി.കെ.പ്രശാന്ത്, സാങ്കേതികവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.വി.ഐ.ബീന എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഇ.കെ.ഹൈദ്രൂ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ.കെ.പി.ഇന്ദിരാദേവി സ്വാഗതവും കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എ.എസ്.സജിത് നന്ദിയും പറഞ്ഞു. രണ്ടു ആര്‍ട്ട് ഗാലറികളും മൂന്ന് സ്റ്റുഡിയോകളും ഇതിന്റെ ഭാഗമാണ്. വിക്ടോറിയന്‍ ശൈലിയിലുള്ള പഴയ കെട്ടിടത്തിന്റെ പാരമ്പര്യത്തനിമ സൂക്ഷിച്ചാണ് പുതിയ മന്ദിരവും പണിതിരിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com