കോട്ടയം : ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറെടുക്കുന്നു. ലിംഗ നിര്‍ണ്ണയം നിരോധിച്ചു കൊണ്ടുള്ള പി.എന്‍.ഡി.റ്റി ആക്ട് ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്തു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്കാനിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കുന്നതിന് പി.എന്‍.ഡി.റ്റി സബ് ഡിവിഷണല്‍ കമ്മിറ്റികളെ ഡി.എം.ഒ ഡോ. ജേക്കബ്ബ് വര്‍ഗ്ഗീസ് ചുമതലപ്പെടുത്തി. താലൂക്ക് തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ഈ കമ്മിറ്റികള്‍ പ്രവര്‍ത്തന പരിധിക്കുള്ളിലെ എല്ലാ സ്കാനിംഗ് സെന്ററുകളും സന്ദര്‍ശിച്ച് ആക്ടിന് വിധേയമായിട്ടുളള തരത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പു വരുത്തും.
സ്കാനിംഗ് നടത്തുന്നവരുടെ യോഗ്യത,സ്ഥാപനത്തിന്റെ രജിസ്ട്രേഷന്,സ്കാനിംഗ് ഉപകരണങ്ങള്‍ എന്നിവ പരിശോധിക്കും. അള്‍ട്രാ സൗണ്ട് സാങ്കേതിക വിദ്യയില്‍ പ്രാവീണ്യവും മതിയായ പരിശീലനവും നേടിയ ഡോക്ടര്‍മാരില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കാനിംഗ് സെന്ററുകളുടെ രജിസ്ട്രേഷന് റദ്ദു ചെയ്യാനാണ് നീക്കം. രജിസ്ട്രേഷന് രേഖകള്‍ പ്രദര്‍ശിപ്പിക്കാത്തതും സ്കാനിംഗ് സംബന്ധിച്ച വിശദാംശങ്ങളും സ്കാനിംഗ് ഉപകരണങ്ങളുടെ വിവരങ്ങളും സൂക്ഷിക്കാത്തതുമായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിക്കും. ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ സ്കാനിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കും വില്ക്കുന്നവര്ക്കുമെതിരെയും നടപടിയെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്കി. ഡ്യെപ്യൂട്ടി ഡിഎംഒമാരായ ഡോ.വിദ്യാധരന്, ഡോ.കെ.ആര് രാജന്, ജില്ലാ മാസ് മീഡിയ എഡ്യുക്കേഷന്‍ ഓഫീസര്‍ ഡോമി ജെ എന്നിവര്‍ സംസാരിച്ചു.