പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തേക്കുള്ള പരാമ്പരാഗത കാനനപാതയായ പുല്ലുമേട്ടില്‍ ബിഎസ്എന്‍എല്‍ സമ്പൂര്‍ണ മൊബൈല്‍ കവറേജ് ലഭ്യമാക്കുന്നു. ജനുവരി 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് ബിഎസ്എന്‍എല്‍ സേവനം ലഭ്യമാക്കുക. നിലവില്‍ പുല്ലുമേടുവഴി സന്നിധാനത്തേക്കുള്ള 19 കിലോമീറ്ററില്‍ പരിമിതമായ മൊബൈല്‍ കവറേജ് മാത്രമാണ് ലഭ്യമാകുന്നത്.
ബിഎസ്എന്‍എല്‍ കട്ടപ്പന ഡിവിഷനില്‍നിന്നാണ് ഈ പാതയില്‍ ചിലയിടങ്ങളില്‍ നിലവില്‍ കവറേജ് ലഭിക്കുന്നത്. കുന്നാര്‍ വരെ മാത്രമേ ബിഎസ്എന്‍എല്‍ കവറേജ് ഉള്ളു. പുതിയ താല്‍ക്കാലിക സംവിധാനത്തിലൂടെ 24 മണിക്കൂറും ഈപാതയില്‍ മൊബൈല്‍ സേവനം ലഭ്യമാകും. പുല്ലുമേട്ടിലേക്ക് കേബിള്‍ കണക്ഷന് ഇല്ലാത്തതിനാല്‍ മൈക്രോവേവ് മീഡിയം ഉപയോഗപ്പെടുത്തിയാണ് സേവനം ലഭ്യമാക്കുക. രണ്ടു ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് താല്ക്കാാലിക ടവര്‍ പ്രവര്‍ത്തിപ്പിക്കുക. സന്നിധാനത്തും പരിസരത്തുമായി ആകെ 13 ബിഎസ്എന്‍എല്‍ ടവറുകളാണ് ഇപ്പോള്‍ ഉള്ളത്.
സന്നിധാനം ഓഫീസിലും പമ്പയിലും നിലയ്ക്കലും മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ പരാതികള്‍ അറിയിക്കാനുള്ള സംവിധാനവും ഉണ്ട്. മകരവിളക്കിനോട് അനുബന്ധിച്ച് പുല്ലുമേടുവഴി തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിഎസ്എന്‍എല്‍ സന്നിധാനം സബ്ഡിവിഷന്റെ എകോപനത്തില്‍ പാതയില്‍ കവറേജ് ഉറപ്പുവരുത്തുന്നത്.