പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ജില്ലയിലെ 150 വിദ്യാലയങ്ങള്ക്ക്കൂടി ജൈവ വൈവിധ്യ ഉദ്യാനം നിര്‍മിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് 1.5 കോടി രൂപ അനുവദിച്ചു. നേരത്തേ 57 വിദ്യാലയങ്ങള്‍ക്ക് ജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള സഹായം അനുവദിച്ചിരുന്നു. ഇതിന് പുറമേ സര്‍വശിക്ഷാ അഭിയാന് ഫണ്ടില്‍ നിന്നും 22 വിദ്യാലയങ്ങള്‍ക്ക് ഉദ്യാനത്തിനുള്ള ഫണ്ട് നല്‍കിയിട്ടുണ്ട്. ജൈവ വൈവിധ്യത്തെ അറിയുന്നതിനും അത് സംരക്ഷിക്കുന്നതിനും വിദ്യാര്‍ഥികളില്‍ താത്പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മിക്കുന്നത്.
വിവിധ തരത്തിലുളള സസ്യങ്ങള്‍, പക്ഷിമൃഗാദികള്‍ ഇവ സംബന്ധിച്ചുള്ള ധാരണ വികസിപ്പിക്കുന്നതിന് പഠനത്തിൻ്റെ ഭാഗമായി ഉപയോഗപ്പെടുത്താവുന്ന വിധമാണ് ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഉദ്യാനങ്ങള്‍ വിദ്യാലയങ്ങളില്‍ നിര്‍മിക്കുന്നതിനൊപ്പം പ്രാദേശിക ജൈവ വൈവിധ്യ രജിസ്റ്ററുകളും രൂപപ്പെടുത്തും. ഇതുവഴി സ്കൂള്‍ പരിസരത്തെ സസ്യജന്തുജാലങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരു രജിസ്റ്റര്‍ വിദ്യാലയങ്ങളില്‍ സൂക്ഷിക്കും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ഒന്നര കോടി രൂപയാണ് ഉദ്യാന നിര്‍മാണത്തിനായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിരിക്കുന്നത്.