തിരുവനന്തപുരം: മഹാലക്ഷ്മിയെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ച അവസ്ഥയിലാണ് പാലോട് പെരിങ്ങമല ഒഴുകുപാറ നാലുസെന്റ് കോളനിയില്‍ അജിലു. ലോട്ടറി ഫലം നോക്കിയപ്പോൾ താഴെ നിന്നും മുകളിലേക്ക് ചെറിയ സമ്മാനങ്ങൾ മാത്രം നോക്കി വലിച്ചെറിഞ്ഞ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം അടിച്ചത്. അജിലു എടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനമെന്ന് മനസ്സിലാക്കിയ സുഹൃത്ത് ചുരുട്ടിയെറിഞ്ഞ ടിക്കറ്റ് കൈക്കലാക്കി മുങ്ങി. തുടര്‍ന്ന് അജിലു പാലോട് പോലീസിൽ പരാതി നല്കി.
കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ ലോട്ടറി (കെ.എക്സ്.819582)യുടെ രണ്ടാം സമ്മാനം അജിലുവിന്റെ കൈയിലുണ്ടായിരുന്ന ടിക്കറ്റിനാണ് ലഭിച്ചത്. ലോട്ടറി ഫലം സ്വന്തമായി നോക്കിയ അജിലു ആദ്യ രണ്ടു സമ്മാനങ്ങള്‍ ഒഴികെയുള്ള സമ്മാനങ്ങളെല്ലാം നോക്കിയശേഷം ടിക്കറ്റ് റോഡരികില്‍ വലിച്ചെറിയുകയായിരുന്നു. സുഹൃത്തും അയല്‍വാസിയുമായ അനീഷ് ഫോണില്‍ വിളിച്ച് ലോട്ടറിയെ പറ്റി അന്വേഷിക്കുകയും ടിക്കറ്റ് കളഞ്ഞ സ്ഥലത്തുനിന്നും അത് കൈക്കലാക്കുകയും ചെയ്തു. തുടർന്ന് തനിക്ക് ലോട്ടറി അടിച്ചതായി അനീഷ് എല്ലാവരോടും പറഞ്ഞു. എന്നാൽ അജിലു ടിക്കറ്റ് കളഞ്ഞതിനു സമീപത്തുള്ള ബാങ്കിന്റെ സി.സി.ടി.വിയില്‍ അനീഷ് ഇവിടെനിന്ന് ടിക്കറ്റ് എടുക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ സമ്മാനം ലഭിച്ച ടിക്കറ്റ് അജിലുവിന്റെതാണെന്നു മനസ്സിലായി. സമ്മാനത്തുകയുടെ പകുതി നൽകാമെന്ന് ആദ്യം അനീഷ് സമ്മതിച്ചെങ്കിലും പിന്നീട് വാക്കുമാറിയതിനെ തുടർന്നാണ് അജിലു പോലീസില്‍ പരാതി നല്‍കിയത്.
ചുമട്ടുതൊഴിലാളിയായ അജിലുവിന്റെ അഞ്ചര വയസ്സ് പ്രായമുള്ള മകളുടെ ഹൃദയസംബന്ധമായ അസുഖത്തിന്റെ ചികിത്സ ഇപ്പോൾ തിരുവനന്തപുരത്ത് നടക്കുകയാണ്. ഈ തുക കിട്ടിയിരുന്നെങ്കിൽ മകളുടെ ചികിത്സ നടത്താമായിരുന്നുവെന്നാണ് അജിലു പറയുന്നത്.