വയനാട് : 301 കുടുംബങ്ങള്‍ക്ക് വീട് എന്ന ചിരകാല സ്വപ്നം പൂവണിയുകയാണിവിടെ. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെ 301 കുടുംബങ്ങള്‍ക്കിത് സാഫല്യ നിമിഷമാണ്. പിഎംഎവൈ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 301 വീടുകളുടെ താക്കോല്‍ദാനവും അനുമോദന പത്രവും സി.കെ ശശീന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. സമയബന്ധിതമായാണ് വീടുപണി പൂര്‍ത്തീകരിച്ചത്. നഗരസഭയില്‍ പിഎംഎവൈ ലൈഫ് പദ്ധതിയില്‍ 700 ഗുണഭോക്താക്കളുണ്ട്. 2018-19 വര്‍ഷം നഗരസഭയുടെ പദ്ധതിയില്‍ 2.35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബാക്കിയുള്ള തുക നല്കുന്നതിനു വേണ്ടി കെഎസ്യുഡിപിയില്‍ നിന്ന് അഞ്ചരകോടി രൂപ വായ്പയെടുത്തിരിക്കുകയാണ്. നഗരസഭയിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുകയാണ് ലക്ഷ്യം.
നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗതീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ആര്. രാധാകൃഷണന്, സ്ഥിരം സമിതി അംഗങ്ങളായ ബിന്ദു ജോസ്, ടി. മണി, കെ. അജിത, പി.പി. ആലി, വി. ഹാരിസ്, എ.പി. ഹമീദ്, സി.കെ. ശിവരാമന്, വിവിധ രാഷ്ടീയപാര്‍ട്ടി പ്രതിനിധികളായ പി. ദിനേശന്, സി.കെ. നൗഷാദ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സഫിയ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.