21
Wednesday
October 2020

അടിയന്തര ധനസഹായം ഇതുവരെ 63,458 കുടുംബങ്ങള്‍ക്ക്

Google+ Pinterest LinkedIn Tumblr +

കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ ജില്ലയില്‍ ഇന്നലെ വൈകിട്ട് അഞ്ചു മണി വരെ 63,458 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. ഭക്ഷണ സാധനങ്ങളും അവശ്യവസ്തുക്കളും അടങ്ങുന്ന 2,02,174 കിറ്റുകളാണ് ഇന്നലെ വൈകിട്ട് വരെ ജില്ലാ ആസ്ഥാനത്തുനിന്നും വിവിധ താലൂക്കുകളിലേക്ക് നല്‍കിയത്. ഇതില്‍ 1,75,278 കിറ്റുകളുടെ വിതരണം പൂര്‍ത്തിയായതായി തഹസില്‍ദാര്‍മാര്‍ അറിയിച്ചു.

പ്രളയകാലത്ത് ആരംഭിച്ച 969 ക്യാമ്പുകളില്‍ 14 ക്യാമ്പുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. 213 കുടുംബങ്ങളില്‍ നിന്നായി 682 അംഗങ്ങളാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. ആലുവയില്‍ നാല് ക്യാമ്പുകളിലായി 56 കുടുംബങ്ങളിലെ 193 പേരും പറവൂരില്‍ ഏഴ് ക്യാമ്പുകളിലായി 132 കുടുംബങ്ങളിലെ 429 പേരും കണയന്നൂര്‍ താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി 25 കുടുംബങ്ങളിലെ 60 പേരും താമസിക്കുന്നു. 4,10,301 പേരാണ് പ്രളയം രൂക്ഷമായിരുന്ന ഘട്ടത്തില്‍ 969 ക്യാമ്പുകളിലായി ഉണ്ടായിരുന്നത്. ജില്ലയില്‍ പ്രളയബാധിതരായി കണക്കാക്കിയിരിക്കുന്ന 1,66,772 കുടുംബങ്ങളില്‍ 1,37,000 കുടുംബങ്ങളില്‍ നിന്നുള്ള വിവരശേഖരണം പൂര്‍ത്തിയായി. ഈ വിവരങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി അംഗീകാരം നല്‍കുന്ന മുറയ്ക്കാണ് തഹസില്‍ദാര്‍മാര്‍ മുഖേന ബാങ്ക് അക്കൗണ്ടുകളിലേക്ക് പതിനായിരം രൂപ കൈമാറുന്നത്.

ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനി മൂലം ഒ. പി. വിഭാഗത്തില്‍ 1,084 പേര്‍ ചികിത്സ തേടി. 26 പേര്‍ കിടത്തി ചികിത്സാ വിഭാഗത്തിലാണ്. വയറിളക്കരോഗങ്ങള്‍ ബാധിച്ച് ഒ.പി. വിഭാഗത്തില്‍ 147 പേര്‍ എത്തിയതില്‍ രണ്ടുപേരെ അഡ്മിറ്റു ചെയ്തു. ഡെങ്കിപ്പനി സംശയിക്കപ്പെടുന്ന 14 പേര്‍ ആശുപത്രികളിലെത്തി. തൃക്കാക്കര, കാലടി, പാമ്പാക്കുട, മുളന്തുരുത്തി, മഴുവന്നൂര്‍, ആലുവ, ചൂര്‍ണിക്കര, ആലങ്ങാട്, പുത്തന്‍കുരിശ്, തോപ്പുംപടി, ഏഴിക്കര, ഉദയംപേരൂര്‍, കളമശ്ശേരി, കണയന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഡെങ്കിപ്പനി മൂലം എത്തിയത്.

എലിപ്പനി സംശയിക്കപ്പെടുന്ന 26 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കോതമംഗലം, കുട്ടമ്പുഴ, പല്ലാരിമംഗലം, വടക്കേക്കര, വരാപ്പുഴ, തേവര, മുടക്കുഴ, വെങ്ങോല, കരുമാലൂര്‍, മഴുവന്നൂര്‍, വാളകം, മൂവാറ്റുപുഴ, മണീട്, ഏലൂര്‍ 2, ബിനാനിപുരം 2, കുന്നുകര, ചൂര്‍ണ്ണിക്കര, പെരുമ്പാവൂര്‍ 2, പറവൂര്‍, എളംകുന്നപുഴ, എടവനക്കാട്, കാഞ്ഞിരമറ്റം, കളമശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എത്തിയത്. കഴിഞ്ഞ മൂന്നിന് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച പുത്തന്‍വേലിക്കര സ്വദേശി ഉത്തമന്‍ (48) എലിപ്പനി മരണമാണെന്ന് സ്ഥിരീകരിച്ചു. ചിക്കന്‍ പോക്‌സ് ബാധിച്ച് എട്ടുപേരും മഞ്ഞപ്പിത്തം സംശയിക്കപ്പെടുന്ന ഒരാളും ഇന്നലെ ചികിത്സ തേടി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com