25
Wednesday
November 2020

വിവരാവകാശ നിയമം ലംഘിച്ചതിന് 25,000 രൂപ പിഴ ചുമത്തി

Google+ Pinterest LinkedIn Tumblr +

കൊച്ചി: വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴ ശിക്ഷ വിധിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തൃപ്പൂണിത്തുറ ഗ്രൂപ്പില്‍പ്പെട്ട ചക്കംകുളങ്ങര ദേവസ്വം ഓഫീസിലെ പൊതു വിവരാവകാശ ഓഫീസറും ദേവസ്വം ഓഫീസറുമായ എ. ആര്‍. രാജീവിനാണ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ. വി. സുധാകരന്‍ പിഴ ശിക്ഷ വിധിച്ചത്. തൃപ്പൂണിത്തുറ എരൂര്‍ വെസ്റ്റ് പിഷാരിക്കോവില്‍ വാര്യം എം. എന്‍. ജയറാം നല്‍കിയ പരാതി ഹര്‍ജിയിലാണ് പിഴ ശിക്ഷ വിധിച്ചത്.
കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള പിഷാരിക്കോവില്‍ ക്ഷേത്രത്തിന്റെ പൊതുയോഗം വിളിക്കുന്നതും, ക്ഷേത്ര ഉപദേശക സമിതി പ്രവര്‍ത്തിക്കുന്നതും സംബന്ധിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ 90 ദിവസം കഴിഞ്ഞിട്ടും നല്‍കാതിരുന്ന കേസിലായിരുന്നു പിഴ ശിക്ഷ. വൈകി നല്‍കിയ മറുപടിയില്‍ കൃത്യമായ വിവരങ്ങള്‍ വിവരാവകാശ ഓഫീസര്‍ നല്‍കിയതുമില്ല. ഇതുമൂലം ഹര്‍ജിക്കാരന് ഇതുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സവുമുണ്ടായി. വിവരാവകാശ നിയമം 20(1) വകുപ്പുപ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍, അത് 10 ദിവസത്തിനുളളില്‍ ലഭ്യമാക്കണമെന്ന കമ്മീഷന്റെ ഉത്തരവിന് മറുപടി നല്‍കാനും ബന്ധപ്പെട്ട വിവരാവകാശ ഓഫീസര്‍ തയ്യാറായില്ല.
വിശദീകരണത്തിന് ഒരവസരം കൂടി നല്‍കിക്കൊണ്ട്് മറുപടി നല്‍കാന്‍ ഏഴുദിവസം കൂടി കമ്മീഷന്‍ തുടര്‍ന്ന് അനുവദിച്ചു. ഇതിന് മൂന്ന് ആഴ്ച കഴിഞ്ഞാണ് പ്രസ്തുത ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ ഈ വിശദീകരണം ന്യായയുക്തമായിരുന്നില്ല. മറുപടി നല്‍കുന്നതില്‍ കുറ്റകരമായ വീഴ്ച വരുത്തുകയും, യുക്തിസഹമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുകയും, അതുവഴി വിവരാവകാശ നിയമത്തോടും കമ്മീഷനോടും നിഷേധാത്മകമായി പെരുമാറുകയും ചെയ്തു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. പിഴയായ 25,000 രൂപ ഇദ്ദേഹം എറണാകുളം സബ്ട്രഷറിയില്‍ അടച്ച് അസ്സല്‍ രസീത് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com