കാസര്‍ഗോഡ് : ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി എന്ന ആരോഗ്യ നിര്‍വചനം പ്രായോഗികമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പൈവളിഗെ ഗ്രാമപഞ്ചായത്തില്‍ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. ഹോമിയോപതി ഡിസ്പെന്‍സറിക്ക് ചേവാറിലും ആയുര്‍വേദ ഡിസ്പെന്‍സറിക്ക് പൈവളിഗെ ഗ്രാമപഞ്ചായത്തിന് സമീപവുമാണ് പുതിയ കെട്ടടങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനാഘോഷ വേളയില്‍ പുതിയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി പറഞ്ഞു.
പുതിയ കെട്ടിടത്തില്‍ ആരോഗ്യകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടെ ജനങ്ങള്‍ക്ക് കാര്യക്ഷമമായ സേവനം ലഭിക്കുമെന്നും പ്രദേശത്തെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം കൈവരിക്കുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്പെന്‍സറിക്ക് ചേവാറിലാണ് പുതിയ കെട്ടിടം വരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക ബാങ്ക് അനുവദിച്ച 5.73 ലക്ഷം രൂപയാണ് ചെലവഴിച്ചത്.പരിശോധനാ മുറിയും സന്ദര്‍ശക മുറിയും മരുന്നുകള്‍ക്കായുള്ള സ്റ്റോര്‍ റൂമും കൂടാതെ ശൗചാലയവും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ കേന്ദ്രത്തില്‍ രാവിലെ പത്തു മുതല്‍ രണ്ട് വരെ രോഗികളെ പരിശോധിക്കുന്നുണ്ട്. ശരാശരി അമ്പതോളം പേര് ദിനംപ്രതി ഇവിടെയെത്തുന്നു. ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ഓഫീസ് അറ്റന്‍ഡര്‍ എന്നിവരാണ് ഈ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
എന്‍ആര്‍എച്ച്എം പദ്ധതിയുടെ അടിസ്ഥാനത്തില്‍ ദേശീയ ആയുഷ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്പന്‍സറിക്ക് പഞ്ചായത്ത് ഓഫീസിന്റെ സമീപമാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഇതിനായി ലോകബാങ്ക് ഗ്രാമ പഞ്ചായത്തിനനുവദിച്ച 5.92 ലക്ഷം രൂപയാണ് ചിലവഴിച്ചത്. പരിശോധനാ മുറിയും സന്ദര്‍ശക മുറിയുമടക്കമുള്ള സൗകര്യങ്ങളാണ് ആയുര്‍വേദ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ ഡോക്ടറും ഒരു താല്‍ക്കാലിക ജീവനക്കാരനും ജോലി ചെയ്യുന്നു. പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഈ ആരോഗ്യ ഡിസ്പെന്‍സറികളുടെ നേതൃത്വത്തില്‍ നിരവധി ആരോഗ്യപ്രവര്ത്തനങ്ങളാണ് നടത്തുന്നത്. അന്താരാഷ്ട്ര ദിനാചരണങ്ങളും ബോധവല്‍ക്കരണ ക്ലാസുകളും പരിശോധനാ ക്യാംപുകളും ഓരോ ഇടവേളകളിലും നടത്തി വരുന്നുണ്ട്. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ആധുനീകരിക്കുന്നതിലൂടെ വ്യക്തികേന്ദ്രീകൃതമായ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനും കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള സാര്‍വ്വത്രിക ചികിത്സ സാധ്യമാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി നിലവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ള വനിതാ പരിശീലന കേന്ദ്രവും, മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിക്ക് വേണ്ടി മെറ്റീരിയല്‍ കളക്ഷന്‍ ഫസിലിറ്റിയും (എംസിഎഫ്), വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള പകല്‍ വീട് എന്നിവയുടെ ഉദ്ഘാടനവും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പൈവളിഗെയിലെ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു
Share.