10
Saturday
April 2021

ആക്കുളം കായലിനെ രക്ഷിക്കാന്‍ 128 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മാലിന്യ നിക്ഷേപം മൂലം ദുര്‍ഗന്ധപൂരിതമായ ആക്കുളം കായലിനെ രക്ഷിക്കാന്‍ 128 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നു. കിഫ്ബി വഴി ടൂറിസം വകുപ്പ് നടപ്പാക്കാന്‍ പോകുന്ന ഈ പദ്ധതിയുടെ വിശദമായ രൂപരേഖ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആക്കുളം ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ഡോ. ഉഷ ടൈറ്റസ് ഐഎഎസ് സമര്‍പ്പിച്ചു. തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജിലെ ട്രാന്‍സിഷണല്‍ റിസര്‍ച്ച് ആന്റ് പ്രൊഫഷണല്‍ ലീഡര്‍ഷിപ്പ് സെന്ററാണ് തയ്യാറാക്കിയത്.

ആക്കുളം കായലിലെ മാലിന്യങ്ങളും, പായലും നീക്കി വൃത്തിയാക്കി തെളിഞ്ഞ ജലമുള്ള നിലയിലേക്ക് മാറ്റുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാകെ നീക്കം ചെയ്യുന്നതിനൊപ്പം റീ സൈക്ലിംഗ് സംവിധാനത്തിലൂടെ ജലം ശുചീകരിക്കും. ജലത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ അത്യാധുനികമായ ഇന്റലിജന്റ് ഓണ്‍സൈറ്റ് വാട്ടര്‍ ക്വാളിറ്റി മോണിട്ടറിംഗ് സംവിധാനവും, ലിവിംഗ് ലാബും സ്ഥാപിക്കും. കായലിലെ വെള്ളം സാമ്പിള്‍ എടുത്ത് പുറത്ത് കൊണ്ടുപോയി പരിശോധിക്കാതെ തന്നെ വെള്ളത്തിന്റെ ഗുണനിലവാരം അപ്പപ്പോള്‍ തന്നെ അറിയാനും, ജല ശുചീകരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും ഇത് വഴി സാധിക്കും. സുസ്ഥിര നഗര മലിനജന ശുചീകരണ സംവിധാനവും ഇതിന്റെ ഭാഗമായി സ്ഥാപിക്കും. വികേന്ദ്രീകൃത മലിനജല ശുചീകരണ സംവിധാനങ്ങളും (DEWATS) നീര്‍ത്തടങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. പുറമെ കണ്ടാല്‍ പൂന്തോട്ടവും സൗന്ദര്യവല്‍ക്കരണ പദ്ധതിയുമായി തോന്നും വിധത്തിലാകും ജലശുചീകരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക. ആക്കുളം കായലില്‍ നിലവില്‍ മണ്ണ് ഉയര്‍ന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളില്‍ സ്വാഭാവികമായ ജലശുചീകരണ മാര്‍ഗങ്ങള്‍ ഒരുക്കും. ബാംബു ബ്രിഡ്ജ്, ഗ്രീന്‍ ബ്രിഡ്ജ്, പരിസ്ഥിതി മതിലുകള്‍, ഇടനാഴികള്‍, കല്ലുകള്‍ പാകിയ നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, പൂന്തോട്ടത്തിന് നടുവില്‍ വിശ്രമത്തിനായുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയവയും ആക്കുളത്ത് ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. പൊതുജനപങ്കാളിത്തത്തോടെ ആക്കുളം പുനരുജ്ജീവന പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

കായലിലേക്ക് വീണ്ടും മാലിന്യ നിക്ഷേപം ഉണ്ടാകാതിരിക്കാനുള്ള പ്രചാരണ മാര്‍ഗമായും, പദ്ധതിക്ക് ജനപിന്തുണ ഉറപ്പാക്കുന്നതിനും നദീതട യാത്രയടക്കമുള്ള പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. നിലവില്‍ ആക്കുളത്ത് നടന്നുവരുന്ന വികസന പദ്ധതികള്‍ക്ക് പുറമെ കായല്‍ പുനരുജ്ജീവന പദ്ധതി കൂടി നടപ്പാക്കുന്നതോടെ ആക്കുളം കായലിനും, ആക്കുളം ടൂറിസം കേന്ദ്രത്തിനും ശാപമോക്ഷമാകും. കോയമ്പത്തൂരിലെ എട്ട് തടാകങ്ങള്‍ ശുചീകരിച്ച പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പദ്ധതിയുടെ മാതൃക അവലംബിച്ചാണ് ആക്കുളം പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത്.

ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ രണ്ടാം ഘട്ട നവീകരണത്തിനായി 4.93 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. സംഗീത ജലധാര, കൃത്രിമ വെള്ളച്ചാട്ടം, നീന്തല്‍ക്കുളം, മനോഹരമായ പ്രവേശനകവാടം, പാര്‍ക്കിങ് സൗകര്യം, കഫറ്റീരിയ, യോഗ, മെഡിറ്റേഷന്‍ ഹാള്‍, പ്രകൃതി പൂന്തോട്ട ഭംഗി ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ഘട്ട നവീകരണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും ആധുനികവും സുരക്ഷിതവുമായ കുട്ടികളുടെ പാര്‍ക്കായി നവീകരിക്കപ്പെടുന്ന ആക്കുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കായലിലെ ദുര്‍ഗന്ധം കാരണം ആക്കുളം ടൂറിസ്റ്റ് വില്ലേജ് നവീകരണം കൊണ്ട് പ്രയോജനമുണ്ടാകുമോ എന്ന ആശങ്കയ്ക്ക് പരിഹാരം തീര്‍ക്കാന്‍ 128 കോടി രൂപയുടെ ആക്കുളം പുനരുജ്ജീവന പദ്ധതിയിലൂടെ സാധിക്കും. പരിസ്ഥിതി സംരക്ഷണത്തിനും, ജലാശയ സംരക്ഷണത്തിനും ആക്കുളം പുനരുജ്ജീവന പദ്ധതി സഹായകരമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com