പാലക്കാട്: കൃഷിഭൂമിയുടെ അനധികൃത ചൂഷണം തടയാന്‍ ഉദ്യോഗസ്ഥര്‍ ശക്തമായ നടപടികളെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ബാലമുരളി പറഞ്ഞു. കൃഷിഭൂമി അനധികൃതമായി തരംമാറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണനിയമത്തെക്കുറിച്ച് വില്ലേജ് ഓഫീസര്‍മാര്‍, കൃഷി വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൃഷിസ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് നിര്‍ബന്ധമാണ്.
കെട്ടിടനിര്‍മാണത്തിന് അനുമതി തേടി ലഭിക്കുന്ന അപേക്ഷകള്‍ പ്രാദേശികതല നിരീക്ഷണസമിതി വിശദമായി പരിശോധിച്ചതിനു ശേഷം മാത്രം ജില്ലാതലത്തിലേക്ക് അയച്ചാല്‍ മതിയെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്കി. പലപ്പോഴും പ്രാദേശിക തലത്തില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശകള്‍ക്ക് വ്യക്തതയുണ്ടാവാറില്ല. ഇതുമൂലം ജില്ലാതലത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാറില്ലെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.ഉഷ പറഞ്ഞു.
അപേക്ഷകന് മറ്റു ഭൂമിയില്ല എന്ന കാരണത്താല്‍ മാത്രം കൃഷി ഭൂമി തരം മാറ്റുന്നതിന് അനുമതി നല്കാന് പാടില്ല. പാരിസ്ഥിതികമായ മറ്റു ഘടകങ്ങള്‍ കൂടി പരിഗണിച്ചാവണം അനുമതി. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി (കൃഷിഭൂമിയായി കാണാതിരുന്നതും എന്നാല്‍ നികത്തപ്പെടാത്തതുമായ ഭൂമി) തരം മാറ്റുന്നതിനുള്ള അപേക്ഷ ആര്.ഡി.ഒക്ക് കൈമാറണമെന്ന 2008 ലെ നെല്‍ത്തട തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെത്തുറിച്ചും 2018ലെ നിയമ ഭേദഗതിയെക്കുറിച്ചും ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആര്.ഡി.ഒ പി.കാവേരിക്കുട്ടി, ഡെപ്യൂട്ടി തഹല്സിര്ദാര് രാധാകൃഷ്ണന്, ജില്ലാ നിയമ ഓഫീസര്‍ ജ്യോതി, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.