20
Tuesday
October 2020

ആയിരം ദിനാഘോഷം; പ്രദര്‍ശനനഗരിയില്‍ വന്‍ ജനത്തിരക്ക്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ചു സെന്‍ട്രന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശനനഗരി ആസ്വദിക്കാന്‍ വന്‍ ജനത്തിരക്ക്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ അടുത്തറിയാനും വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ ആസ്വദിക്കാനും നിരവധിപേരാണ് ഇന്നലെയെത്തിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. ജീവിതശൈലീ രോഗങ്ങള്‍ സൗജന്യമായി പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് ഓരോ സ്റ്റാളും പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്തമായ ഭക്ഷണവിഭവങ്ങള്‍ വിളമ്പാന്‍ കഫേ കുടുംബശ്രീയും പ്രവര്‍ത്തിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിപണന സ്റ്റാളുകളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വിവിധ മത്സരങ്ങളും ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നുണ്ട്. ഇന്നലെ നടന്ന ഹരിത കേരള മിഷന്റെ വികസന സെമിനാര്‍ വിഷയത്തിന്റെ പ്രാധാന്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. പ്രദര്‍ശന നഗരിയിലേക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.

സൗജന്യ സേവനങ്ങളൊരുക്കി ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍
സൗജന്യമായി രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിക്കാന്‍ താല്പര്യമുള്ളവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കു വരൂ.. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനനഗരിയിലെ ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ ഇവ സൗജന്യമായി പരിശോധിച്ചുനല്‍കും. കൂടാതെ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങളും ബോധവത്കരണവും പതിനെട്ട് വയസിനുതാഴെയുള്ള ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങളും ലഭിക്കും. ഹൃദ്യം പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യാനും സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനവും ആരോഗ്യ ജാഗ്രതാ ചിത്ര പ്രദര്‍ശനവും സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു.

ഹരിത പ്രഭയില്‍ കൃഷിവകുപ്പ്
അന്യംനിന്നുപോകുന്ന ഗ്രാമഭംഗി ആസ്വദിക്കണമെങ്കില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൃഷിവകുപ്പിന്റെ സ്റ്റാളില്‍ എത്തിയാല്‍ മതി. കാളവണ്ടി ചക്രവും, ജല ചക്രവും ഇവിടെ എത്തുന്നവരെ വരവേല്‍ക്കുന്നു. ഒറ്റത്തടിയില്‍ തീര്‍ത്ത ചക്ക വിളക്കും, കേര വിളക്കും കാണാന്‍ നിരവധി പേരാണ് ഇവിടെത്തുന്നത്.

പ്രളയാനന്തരം കൃഷി വകുപ്പ് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന ‘പ്രളയം പ്രളയാനന്തരം പുനര്‍ജനി’ മാതൃകയും ഒരുക്കിയിട്ടുണ്ട്. കാര്‍ഷികരംഗത്തെ പുതുവിപ്ലവമായ സംയോജിത കൃഷിത്തോട്ടത്തിനെക്കുറിച്ചും അതിന്റെ ഭാഗമായുള്ള കിണര്‍ റീചാര്‍ജിംഗ്, മണ്ണിരക്കമ്പോസ്റ്റ് എന്നിവയെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ സ്റ്റാളിലെത്തുന്നവര്‍ക്കു ലഭിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ച് ക്രമീകരിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ ഈറ്റയില്‍ തീര്‍ത്ത പായിലാണ് ചിത്രങ്ങളും മറ്റും ആലേഖനം ചെയ്തിരിക്കുന്നത്. വെര്‍ട്ടിക്കല്‍ ഫാമിംഗ്, സോളാര്‍ ലൈറ്റ് ട്രാപ്പ്, തിരിനന സംവിധാനം എന്നിവയുടെ മാതൃകയും സ്റ്റാളിലുണ്ട്. മുളയില്‍ തീര്‍ത്ത കരകൗശലവസ്തുക്കള്‍, വാഴനാര് ഉല്‍പന്നങ്ങള്‍, മൂല്യവര്‍ദ്ധിത കാര്‍ഷികോത്്പന്നങ്ങള്‍ എന്നിവയും ഇവിടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com