ഇടുക്കി : കേരള ഹൈക്കോടതി ഫെബ്രുവരി 26 ന് പുറപ്പെടുവിച്ച വിധിന്യായപ്രകാരം പൊതുസ്ഥലങ്ങളിലെയും തെരുവുകളിലെയും റോഡുകളിലെയും അനുമതി ഇല്ലാതെ സ്ഥാപിച്ച എല്ലാ പരസ്യങ്ങളും റോഡരുകില്‍ കാഴ്ചയ്ക്ക് തടസമായി നില്ക്കുന്ന പരസ്യങ്ങളും ഉടന്‍ നീക്കം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് നിര്‍ദേശം നല്കി. ജില്ലയിലെ ഇപ്രകാരമുള്ള എല്ലാ അനധികൃത ബേര്‍ഡുകളും തോരണങ്ങളും കൊടികളും പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പെടെയുള്ള എല്ലാ പരസ്യങ്ങളും മാര്‍ച്ച് 7 നു മുമ്പ് പൂര്‍ണമായും നീക്കി റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഒരു തരത്തിലുള്ള പരസ്യങ്ങള്‍ക്കും ഇളവുണ്ടായിരിക്കില്ല. ഇപ്രകാരം പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതുവഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന ചെലവ് പരസ്യം സ്ഥാപിച്ചവരില്‍ നി്ന് ഈടാക്കേണ്ടതും അവര്‍ക്കെതിരെ നേരത്തെ തന്നെ നിലനില്‍ക്കുന്ന കോടതി ഉത്തരവ് ലംഘിച്ചതിന് പോലീസ് കേസ് എടുക്കേണ്ടതുമാണ്. പരസ്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തിന് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കണം. ആരെങ്കിലും ഈ പ്രവര്‍ത്തിയെ തടസപ്പെടുത്തിയാല്‍ കോടതി വിധി ലംഘിച്ചതിനെതിരെയും മറ്റും അവര്‍ക്കെതിരെയും കേസെടുക്കണം.അനധികൃത പരസ്യങ്ങള്‍ സെക്രട്ടറിമാര്‍ നീക്കം ചെയ്യേണ്ടിവന്നാല്‍ അതിന്റെ ചിലവും പിഴയും നല്‍കേണ്ടിവരും. മാത്രമല്ല പോലീസ് കേസും ഉണ്ടാകും. അതിനാല്‍ അനധികൃത പരസ്യങ്ങള്‍ സ്ഥാപിച്ചവര്‍ തന്നെ അതെടുത്തുമാറ്റണമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. നീക്കം ചെയ്യുന്ന പരസ്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ പൊതുമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റാതെ പരസ്യം സ്ഥാപിക്കുന്നതിന് ഉത്തരവാദിയായ ആള്ക്കാര്ക്കുതന്നെ മാലിന്യം സംസ്കരിക്കുന്നതിനായി നല്‍കണം. ഇതിനുവേണ്ടിവരുന്ന ചിലവുകൂടി ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഈടാക്കണം. മാര്‍ച്ച് 7 നുശേഷവും ഏതെങ്കിലും പൊതുസ്ഥലത്തോ തെരുവുകളിലോ റോഡുകളിലോ അനധികൃത പരസ്യം കണ്ടെത്തുകയാണെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ചിലവും പിഴയും തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് വ്യക്തിഗത ബാധ്യതയായി കണക്കാക്കി ഈടാക്കുന്നതും തുടര്‍ ശിക്ഷാ നടപടി സ്വീകരിക്കുന്നതുമാണ്. നിര്‍ദ്ദിഷ്ട തിയതിക്ക് ശേഷം അനധികൃത പരസ്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടോ എന്ന് ഓരോ താലൂക്കിലും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന നടത്തുമെന്നും കോടതി ഉത്തരവ് പാലിച്ചിട്ടില്ലെങ്കില്‍ ഉത്തരവാദികളുടെ പേരില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളിലെയും തെരുവുകളിലെയും പരസ്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം
Share.