10
Saturday
April 2021

ഇരുട്ടൊഴിഞ്ഞു;18 ദിവസങ്ങള്‍ക്ക് ശേഷം പുതുപ്രഭാതത്തിലേക്ക്‌

Google+ Pinterest LinkedIn Tumblr +

ബാങ്കോക്ക്: എല്ലാം മറന്ന് ലോകം ഒറ്റക്കെട്ടായി ഒപ്പം നിന്നതോടെ പ്രതിസന്ധികള്‍ നിറഞ്ഞ പതിനെട്ട് ദിവസങ്ങളെ അവര്‍ അതിജീവിച്ചു. വടക്കന്‍ തായ്‌ലാന്‍ഡിലെ ചിയാംഗ് റായിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ അവസാനത്തെ കുട്ടിയും അവരുടെ പ്രിയപ്പെട്ട കോച്ചും ഒടുവില്‍ പുതുവെളിച്ചത്തിലേക്ക്. ലോകം മുഴുവന്‍ ഒരു മനസ്സോടെ കാത്തിരുന്ന നിമിഷങ്ങള്‍ക്കാണ് ഇന്നലെ ഗുഹാമുഖം വേദിയായത്. മൂന്ന് ദിവസത്തെ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന് ഇന്നലെ വൈകീട്ടോടെ അവസാനമായി.
കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ടൈറ്റന്‍ എന്ന ചാനിന്‍ ഉള്‍പ്പെടെയുള്ളവരെയാണ് അവസാന ദിവസം സുരക്ഷിതമായി പുറത്തെത്തിച്ചത്. മുഴുവന്‍ പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ക്ക് ന്യൂമോണിയ ബാധിച്ചതായും മറ്റ് കുട്ടികളുടെ ശരീരതാപനില കുത്തനെ കുറഞ്ഞതായും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികളുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. രക്ഷിതാക്കളെ ഉള്‍പ്പെടെ കുട്ടികളെ കാണുന്നതിനും അനുവാദം നല്‍കിയിട്ടില്ല. അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. ഒരാഴ്ചയെങ്കിലും കുട്ടികള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കും.

പതിമൂന്ന് വിദേശ സ്‌കൂബാ മുങ്ങല്‍ വിദഗ്ധരും തായ് നാവികസേനയിലെ അഞ്ച് പേരും ഉള്‍പ്പെടെ പതിനെട്ട് പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മുഴുവന്‍ പേരെയും പുറത്തെത്തിക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുത്തേക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രക്ഷാദൗത്യം പൂര്‍ണ വിജയമായതോടെ തായ്‌ലാന്‍ഡിലെ തെരുവുകള്‍ ഇന്നലെ രാത്രി വൈകിയും ആഘോഷത്തിലാണ്.
കഴിഞ്ഞ രണ്ട് ദിവസത്തേക്കാള്‍ ശ്രമകരമായ ദൗത്യമാണ് അവസാന ദിവസത്തേതെന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുമ്ബ് തന്നെ ഗവര്‍ണര്‍ പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയിച്ചതായി തായ് നാവികസേന ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഗുഹക്ക് മുന്നിലെ ആഘോഷത്തിനിടയിലും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാവികസേനയിലെ മുന്‍ മുങ്ങല്‍ വിദഗ്ധന്റെ മരണം നോവായി മാറി. കുട്ടികള്‍ക്ക് ഓക്‌സിജന്‍ സിലിന്‍ഡര്‍ നല്‍കി മടങ്ങുന്നതിനിടെയാണ് സമാന്‍ ഗുനാന്‍ എന്ന മുങ്ങല്‍ വിദഗ്ധന്‍ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ മാസം 23നാണ് വടക്കന്‍ തായ്‌ലാന്‍ഡിലെ ചിയാംഗ് റായ് പ്രദേശത്തെ താംലുവാംഗ് ഗുഹയില്‍ പതിനൊന്നിനും പതിനാറിനും ഇടയിലുള്ള പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും അകപ്പെട്ടത്. കനത്ത മഴ പെയ്തതോടെ ഗുഹാമുഖത്ത് ചെളി നിറയുകയും ഗുഹക്കുള്ളില്‍ വെള്ളം നിറയുകയുമായിരുന്നു. ഇരുട്ടില്‍ കഴിഞ്ഞ ഒമ്ബത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗുഹക്കുള്ളില്‍ നാലര കിലോമീറ്റര്‍ അകലെയായി ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍ കുട്ടികളെ കണ്ടെത്തിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com