തിരുവനന്തപുരം: ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയില്‍ തുടരുന്ന 134 ജീവനക്കാരെ കെ.എസ്.ആര്.ടി.സി പിരിച്ചു വിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ച 733 പേരെ പിരിച്ചു വിട്ടിരുന്നു. സ്ഥിരം ജീവനക്കാരായ 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരുമാണ് കഴിഞ്ഞ ആഴ്ച പുറത്താക്കപ്പെട്ടത്. രണ്ടാഴ്ചക്കിടെ ആകെ പിരിച്ചുവിടപ്പെട്ടത് 867 പേരാണ്. ഇത്രയും പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത് കെ.എസ്.ആര്.ടി.സിയുടെ ചരിത്രത്തില്‍ ആദ്യമാണ്.
അവധിയെടുത്ത് വിദേശത്ത് പോയവരാണ് പിരിച്ചു വിടപ്പെട്ടവരില്‍ ഏറെയും. ജോലിക്ക് ഹാജരാകണമെന്ന് കാട്ടി തുടര്‍ച്ചയായി കത്തുകളയച്ചിട്ടും പ്രതികരിക്കാത്തവരെയാണ് കോര്പറേഷന് പുറത്താക്കിയത്. ചിലര്‍ തിരികെ ജോലിക്കെത്താന്‍ സമയം ആവശ്യപ്പെട്ടത് കെ.എസ്.ആര്.ടി.സി അംഗീകരിച്ചിരുന്നു. എന്നിട്ടും തിരികെ എത്താതിരുന്നവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടതെന്നാണ് കെ.എസ്.ആര്.ടി.സിയുടെ വിശദീകരണം. അടുത്തഘട്ടത്തില്‍ ജോലിക്കെത്താത്ത മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരേയും പിരിച്ചുവിടാനാണ് നീക്കം. ഇവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
അനധികൃതമായി അവധിയെടുത്ത് മുങ്ങിനടക്കുന്നവരെ ഒഴിവാക്കുന്നതോടെ കെ.എസ്.ആര്.ടി.സിയിലും ജീവനക്കാരുടെ എണ്ണം സര്‍വീസിന് അനുസൃതമായി ദേശീയ ശരാശരിക്കനുസരിച്ച് ക്രമപ്പെടുത്താന്‍ സാധിക്കുമെന്ന് സി.എം.ഡി ടോമിന് തച്ചങ്കരി പറഞ്ഞു.