ഗുജറാത്ത്: 2007 ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി അറസ്റ്റില്‍. സുരേഷ് നായര്‍ എന്ന ആളെയാണ് ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിനായി സമഗ്രികള്‍ എത്തിച്ചത് ഇയാളാണെന്നാണ് ഗുജറാത്ത് എ.ടി.എസ് പറയുന്നത്. സുരേഷ് നായരെ കണ്ടെത്തുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2007 ഒക്ടോബര്‍ 11ന് റംസാന് മാസത്തില്‍ നോമ്പുതുറ സമയത്ത് അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2010 ഒക്ടോബറില്‍ എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് 2011 ലാണ് എന്‍.ഐ.എ ഏറ്റെടുത്തത്. കേസില്‍ ഒളിവിലായിരുന്ന മൂന്ന് പേരില്‍ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരാണ് മറ്റ് രണ്ട് പേര്.
സ്വാമി അസീമാനന്ദയടക്കം ഈ കേസില്‍ പ്രതികളായിരുന്നെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജയ്പൂര്‍ എന്‍.ഐ.എ കോടതി 2017-ല്‍ അസീമാനന്ദയെ വെറുതെവിട്ടു.