23
Friday
April 2021

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: പ്രളയം മൂലം കുടിവെളളം മലിനമാകാന്‍ സാധ്യതയുളളതിനാലും ജില്ലയില്‍ മഞ്ഞപ്പിത്ത രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജയശ്രീ അറിയിച്ചു. വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷമ ജീവികളുണ്‍ണ്ടാക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പനി, വിശപ്പിലായ്മ, ഓക്കാനം, ഛര്‍ദ്ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.

രോഗാണു കലര്‍ന്ന് മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗിയുടെ മലത്തിലൂടെയാണ് പ്രധാനമായും രോഗങ്ങള്‍ മണ്ണിനെയും ജലത്തെയും മലിനപ്പെടുത്തുന്നത്. ഹൈപ്പറ്റൈറ്റിസ് എ മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍, ടൈഫോയ്ഡ് തുടങ്ങിയ പ്രധാനമായും ഭക്ഷണത്തിലൂടെയും വെളളത്തിലൂടെയും പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കുന്നത് വഴി കഴിയും.

1. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക. കൈകകള്‍ ആഹാരത്തിനു മുമ്പും ടോയ്‌ലറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക.

2. കുടിവെളള സ്രോതസ്സുകള്‍ ബ്ലിച്ചിങ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക. 20 മിനിട്ടെങ്കിലും തിളച്ചവെളളം മാത്രം കുടിക്കാനുപയോഗിക്കുക. വൃക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെളളം ഉപയോഗിക്കുക.

3. തണുത്തതും പഴകിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. രോഗബാധിതര്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക.

4. ഭക്ഷണപദാര്‍ത്ഥങ്ങള്‍ നന്നായി പാചകം ചെയ്യുകയും അടച്ചുസൂക്ഷിക്കുകയും ചെയ്യുക.

5. പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ശുദ്ധജലത്തില്‍ പലപ്രാവശ്യം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.

6. ഐസ്‌ക്രീം, സിപ്പപ്പ്, സംഭാരം, സര്‍ബത്ത്, ജൂസ് തുടങ്ങിയവ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയാതാണെന്നും ഉറപ്പുവരുത്തിയ ശേഷം ഉപയോഗിക്കുക.

7. ഖരമാലിന്യങ്ങളും ദ്രവ മാലിന്യങ്ങളും ശാസ്ത്രീയമായി മാത്രം സംസ്‌കരിക്കുക. വീടും പരിസരവും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

8. വെളളപ്പൊക്കത്തിനുശേഷം പല സ്ഥലങ്ങളിലും അടിഞ്ഞുകൂടിയിട്ടുളള മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുമ്പോള്‍ അവ പുഴകളിലോ തോടുകളിലോ അരുവികളിലോ മറ്റ് ആള്‍വാസമില്ലാത്ത പറമ്പുകളിലോ നിക്ഷേപിക്കാന്‍ അനുവദിക്കരുതെന്നും അവ ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കുവാന്‍ ബുന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ആരോഗ്യസേവനങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍

ജില്ലയില്‍ വെള്ളപൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, മെഡിക്കല്‍ കോളേജ് എന്നിവ സംയുക്തമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ ആഗസ്റ്റ് 21 മുതല്‍ ആരംഭിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ മറ്റ് അടിയന്തിര ശ്രദ്ധ വേണ്‍ണ്ട കാര്യങ്ങള്‍ എന്നിവയ്ക്കുള്ള സേവനങ്ങള്‍ ഈ ഹെല്‍പ്പ്‌ലൈന്‍ വഴി ലഭിക്കും.

ഫോണ്‍ നമ്പര്‍ : 9745661177, 9745774433, 8943118811
Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com