പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് നിലയ്ക്കലില്‍ 25 ലക്ഷം ലിറ്റര്‍ അധികജലം സംഭരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. നിലയ്ക്കലും പമ്പയിലും ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. നിലവില്‍ 40 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനുള്ള ശേഷിയാണ് നിലയ്ക്കലിലുള്ളത്. ഇതിന് പുറമേയാണ് 25 ലക്ഷം ലിറ്റര്‍ അധികജലം കൂടി സംഭരിക്കുന്നതിന് സംവിധാനം ഒരുക്കുന്നത്.
ഇതിനായി അഞ്ച് ലക്ഷം ലിറ്റര്‍ വീതം ശേഷിയുള്ള മൂന്ന് സംഭരിണികളും 5000 ലിറ്റര്‍ വീതം സംഭരണശേഷിയുള്ള 200 ടാങ്കുകളും സ്ഥാപിക്കും. സീതത്തോട്ടില്‍ നിന്നായിരിക്കും അധികജലം എത്തിക്കുക. നിലയ്ക്കലില്‍ നിലവില്‍ ആയിരം ടാപ്പുകളിലൂടെയാണ് കുടിവെള്ളവിതരണം നടത്തിവരുന്നത്. വാട്ടര്‍ കിയോസ്കുകള്‍ കൂടുതലായി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച പമ്പ ത്രിവേണി പമ്പ് ഹൗസില്‍ പുതിയ പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണ്. വെള്ളപ്പൊക്കമുണ്ടായാല്‍ പമ്പുകള്‍ക്ക് കേടുവരാത്ത വിധം കൂടുതല്‍ ഉയര്‍ത്തിയായിരിക്കും പുതിയ പമ്പുകള്‍ സ്ഥാപിക്കുക. പമ്പാ മണല്‍പ്പുറത്ത് കൂടുതല്‍ ആര്‍ഒ പ്ലാന്റുകളും സ്ഥാപിക്കും. ജലവിഭവ വകുപ്പ് പമ്പയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നമുറയ്ക്കായിരിക്കും ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കുക. പമ്പയിലെ കുളിക്കടവില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ജലവിഭവ വകുപ്പ് സ്വീകരിക്കും. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും തുലാമാസ പൂജയ്ക്ക് ജലവിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുള്ളതായും മന്ത്രി അറിയിച്ചു.
ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വാട്ടര്‍ അതോറിറ്റി എംഡി എ.കൗശികന്, ചീഫ് എന്‍ജിനീയര്‍ ജോഷി, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീകുമാര്‍, പ്രോജക്ട് ചീഫ് എന്‍ജിനീയര്‍ ഷാജഹാന്, ടെക്നിക്കല്‍ അംഗം രവീന്ദ്രന്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷൈലു, ഫിലിപ്പ് മത്തായി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.