7
Sunday
March 2021

ജിമിക്കി കമ്മലിന് ചുവടുവച്ച് ദുരിതാശ്വാസ ക്യാമ്പില്‍ താരമായി ആസിയാബീവി

Google+ Pinterest LinkedIn Tumblr +

കൊച്ചി: ‘എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി’ എന്ന ഹിറ്റ് ഗാനം ചേരാനല്ലൂര്‍ മാര്‍ ബസേലിയസ് വിദ്യാനികേതൻ്റെ മതില്‍ക്കെട്ടിനകത്ത് മുഴങ്ങി കേട്ടപ്പോള്‍ അതുവരെ മനസ്സിനെ നീറ്റിയ കനലുകളെല്ലാം പ്രളയത്തില്‍ ഒഴുക്കികളഞ്ഞ് ആസിയ ബീവിയും കുട്ടി പട്ടാളവും ഗാനത്തിന് ചുവടു വച്ചു. ജീവിതത്തില്‍ അതുവരെ സമ്പാദിച്ചതെല്ലാം പ്രളയവും പേമാരിയും കവര്‍ന്നെടുത്ത് ജീവന്‍ രക്ഷിക്കാനായി ബസേലിയസിലെ ക്യാമ്പിലെത്തിയ അവര്‍ക്ക് ക്യാമ്പിലെ ജീവിതം സന്തോഷത്തിൻ്റെ നാളുകളായിരുന്നു.

ചേരാനല്ലൂരില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15നാണ് ആസിയ ബീവിയും കുടുംബവും വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതനില്‍ എത്തിയത്. മൂകമായിരുന്ന ക്യാമ്പിനെ സന്തോഷമാക്കാന്‍ സംഘാടകര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് പാട്ടിനും ഡാന്‍സിനുമുള്ള വേദിയായി ക്യാമ്പ് മാറി. ജിമിക്കി കമ്മല്‍ എന്ന ഗാനം എത്തിയതോടെ അസിയ ബീവിയും അവരോടൊപ്പം ചേര്‍ന്നു. അതോടെ ക്യാമ്പിൻ്റെ അന്തരീക്ഷമാകെ മാറി. എല്ലാവരും ചുറ്റും നിന്ന് കൈ അടിക്കാനും ചിരിക്കാനും തുടങ്ങി. പാട്ടിന് ചേര്‍ന്ന രീതിയില്‍ സ്വന്തമായി സ്റ്റെപ്പൊക്കെ ചേര്‍ത്ത ആസിയ ബീവിയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയ ആഘോഷമാക്കി. ജീവിതത്തെ എന്നും പുഞ്ചിരിയോടെ കാണാനാണ് തനിക്കിഷ്ടമെന്ന് ആസിയ ബീവി പറയുന്നു. ഇപ്പോള്‍ സംഭവിച്ചതെല്ലാം ദൈവത്തിൻ്റെ പരീക്ഷണമാണ്. അതുകൊണ്ട് സങ്കടം ഇല്ലെന്നും അവര്‍ പറയുന്നു. ജീവന്‍ തിരിച്ചുകിട്ടിയല്ലോ, നഷ്ടപ്പെട്ടതെല്ലാം വീണ്ടും ഉണ്ടാക്കാം. ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ച് കൊടുക്കുന്നതിനേക്കാള്‍ നല്ലത് ജീവിക്കുന്ന സമയമത്രയും സന്തോഷമായിരിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അവര്‍ പറയുന്നു.

വെട്ടിക്കല്‍ മാര്‍ ബസേലിയസ് ക്യാമ്പ് തന്നെ ജീവിതത്തിലെ ഏഴു നല്ല ദിവസങ്ങള്‍ ആയിരുന്നു എന്നും അവര്‍ പറയുന്നു. ക്യാമ്പിലെത്തിയവര്‍ക്ക് വേണ്ടി എന്തും ചെയ്യാനായി കുറെ സന്നദ്ധസംഘടനകളും പഞ്ചായത്ത് ഭരണാധികാരികളും അവിടെയുണ്ടായിരുന്നു. എല്ലാവരുടെയും പെരുമാറ്റംകൊണ്ട് ക്യാമ്പ് ഒരു കുടുംബം പോലെയാണ് തോന്നിയത്. പാട്ടും ഡാന്‍സും കഥ പറച്ചിലുകളും എല്ലാമായി ക്യാമ്പ് ഒരു ആഘോഷമായിരുന്നു. നഷ്ടപ്പെടലിൻ്റെ വേദന അവിടെ അറിഞ്ഞതേയില്ല. ഒരാഴ്ചത്തേക്കുള്ള വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ നല്‍കിയാണ് ക്യാമ്പിലെ ജീവനക്കാര്‍ തങ്ങളെ യാത്രയാക്കിയത്. ക്യാമ്പില്‍നിന്ന് പോരാന്‍ നേരത്ത് സങ്കടം തോന്നിയെന്നും അവര്‍ പറഞ്ഞു.

ജിമിക്കി കമ്മലിന് ചുവടുവച്ച് ക്യാമ്പില്‍ താരമായി മാറിയ ആസിയ ബീവി ചേരാനല്ലൂര്‍ എടയാകുന്നം അമ്പലത്തിനടുത്ത് വാടകവീട്ടിലാണ് താമസം. വൈറ്റില ജംഗ്ഷനില്‍ ദിവസക്കൂലിക്ക് ട്രാഫിക് വാര്‍ഡനായി ജോലി ചെയ്യുന്ന അവര്‍ കടം മേടിച്ചും മിച്ചം വച്ചും ഉണ്ടാക്കിയ വീട്ടുപകരണങ്ങളും മറ്റും പ്രളയം കൊണ്ടുപോയപ്പോഴും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുകയാണ് അവര്‍. എല്ലാം വീണ്ടും ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. ആസിയാബീവി ക്യാമ്പില്‍ ഊര്‍ജ്ജസ്വലയോടെ സംസാരിക്കുന്നയാളായിരുന്നു. ക്യാമ്പിലെ വിനോദ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചതും അവരായിരുന്നു. ക്യാമ്പില്‍ എത്തിയവര്‍ക്ക് മാനസികസംഘര്‍ഷം ഒഴിവാക്കാന്‍ കൗണ്‍സലിംഗും സംഘടിപ്പിച്ചിരുന്നുവെന്ന് ക്യാമ്പിൻ്റെ കണ്‍വീനറും വെട്ടിക്കല്‍ ആറാം വാര്‍ഡ് മെമ്പറുമായ ഒ.എ. മണി പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com