അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഗ്രനേഡ് ആക്രമണം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഗ്രനേഡുകള്‍ എറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മുഖം മറച്ചാണ് ഇവര്‍ എത്തിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
അമൃത്സർ രാജസൻസിക്ക് സമീപം അദ്ലിവാൽ ഗ്രാമത്തിലെ ഒരു ഭവനത്തിൽ നടന്ന മതവിരുന്നിൽ പങ്കെടുത്തിരുന്നവർക്ക് നേരെയാണ് ഗ്രനേഡുകള്‍ എറിഞ്ഞത്. സംഭവസ്ഥലത്ത് വച്ച് തന്നെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമികളെ ഉടൻ പിടികൂടുമെന്ന് ഇൻസ്പെക്ടർ ജനറൽ എസ്.എസ് പർമാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ഹാളിൽ 200 ഓളം ആളുകൾ ഉണ്ടായിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രാഥമിക നിഗമനം അനുസരിച്ച് ഭീകരാക്രമണമായാണ് പോലീസ് കരുതുന്നത്. എല്ലാ ഞായറാഴ്ചയും നൂറ് കണക്കിന് ആളുകളാണ് പ്രാര്‍ത്ഥനകള്‍ക്കായി ഇവിടെയെത്തുന്നത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും ഉറപ്പാക്കും.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആക്രമണത്തെ അപലപിച്ചു.