22
Thursday
October 2020

അഥീന കുടുക്ക പൊട്ടിച്ചു; സമ്പാദ്യമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക്

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അസംബ്ലിയില്‍ രാവിലെ ‘ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളും തങ്ങളുടേതായ പങ്ക് വഹിക്കണം’ എന്ന മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചപ്പോള്‍ത്തന്നെ അഥീന ഒന്നുറപ്പിച്ചു. തന്റെ ഒരു വര്‍ഷമായി കുടുക്കയില്‍ സൂക്ഷിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം. അത് പൊട്ടിച്ചപ്പോള്‍ 1520 രൂപ. മറ്റൊന്നും ആലോചിക്കാതെ അത് കൈമാറാനായി ടീച്ചറിനടുത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ പണമായി അത് സ്വീകരിക്കാമെന്ന് ടീച്ചര്‍ ഉറപ്പുകൊടുത്തു. സ്‌കൂളില്‍ സംഘടിപ്പിച്ച ആര്‍ഭാടങ്ങളില്ലാത്ത ചടങ്ങില്‍ സ്‌കൂളും അധ്യാപകരും കൂട്ടുകാരും സാക്ഷിയായി അവള്‍ സന്തോഷപൂര്‍വം അത് കൈമാറി. അങ്ങനെ കൊച്ച് അഥീനയുടെ ഒരു വര്‍ഷത്തെ മുഴുവന്‍ സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിച്ചുകൊണ്ട് സ്‌കൂളിന്റെ ധനസമാഹരണ പരിപാടിക്ക് തുടക്കമായി.

ഇ.എം.പ്രസേനകുമാര്‍, ജിജി ദമ്പതിമാരുടെ മകളായ ഒമ്പതാംക്ലാസുകാരി അഥീന വീട്ടുകാരോട് പോലും ചോദിക്കാതെയാണ് തന്റെ തീരുമാനം എടുത്തത്. ‘എന്റെ പ്രായത്തിലുള്ള ഒട്ടേറെപ്പേര്‍ ദുരിതത്തിലാണ്. അവരെ എന്നാലാവുന്നവിധം സഹായിക്കാനാണ് ഇത്’ അഥീന ഇതുപറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് നിറഞ്ഞ കൈയ്യടി. ഒരുകുട്ടിയുടെ സമ്പാദ്യം എന്നാല്‍ അവളുടെ സ്വപ്‌നങ്ങള്‍ ചേര്‍ത്ത് വച്ചതാണിത്. അത് മുഴുവന്‍ സ്വമനസ്സാലെ നല്‍കിയത് യഥാര്‍ഥത്തില്‍ നിധിയായി ഞങ്ങള്‍ കണക്കാക്കുന്നതായി പണം സ്വീകരിച്ചുകൊണ്ട് ഡി.ഇ.ഓ കെ.എസ്.ബീനാറാണി പറഞ്ഞു. സ്‌കൂളിന്റെ എന്‍.സി.സി.ഓഫീസര്‍ എസ്.ഷോലയുടെ നേതൃത്വത്തില്‍ സമാഹരിച്ച 10,000 രൂപയും ടീച്ചര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങി. ചടങ്ങില്‍ സ്‌കൂള്‍ സുപ്രണ്ട് ടി.ആര്‍.രജി, സ്റ്റാഫ് സെക്രട്ടറി സ്റ്റാലിന്‍, സ്‌കൂള്‍ ലീഡര്‍ ആര്‍.ശ്രീരഞ്ജിനി, ജെ.കവിരാജ്, സി.സുപ്രിയ തുടങ്ങിയവരും സന്നിഹിതരായി. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ജില്ലയിലെ സ്‌കൂളുകളിലെ ധനശേഖരണ പരിപാടികള്‍ക്ക് തുടക്കമായി. എല്ലാ സ്‌കൂള്‍ അസംബ്ലിയിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന വായിച്ചു. ബുധനാഴ്ച കൂടി ഇത്തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ധനശേഖരണം നടക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com