കോഴിക്കോട്: തിരുവമ്പാടിയില്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിച്ചത് ചിത്രീകരിക്കുന്നതിനിടെ കെആർഎംയു കോഴിക്കോട് ജില്ലാ പ്രസിഡന്റും ക്യാമറാമാനുമായ റഫീഖ് തോട്ടുമുക്കം ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ബീവറേജ് ജീവനക്കാരുള്‍പ്പടെയുള്ള സംഘമാണ് ആക്രമണത്തിന് പിന്നിൽ.
മാധ്യമ പ്രവർത്തകരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ക്യാമറകൾ തകർക്കുകയും ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനങ്ങളുടെ ശബ്ദമാകുന്ന മാധ്യമ പ്രവർത്തകരെ നിശബ്ദരാക്കാൻ അവർക്ക് നേരെ ആക്രമണം അഴിച്ചു വിടുന്ന പ്രവണത അനുവദിക്കാനാകില്ല.
സർക്കാരും പോലീസും ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അക്രമികളെ ഉടൻ പിടികൂടണമെന്നും സംസ്ഥാന പ്രസിഡന്റ് ഒ. മനുഭരത്, ജനറൽ സെക്രട്ടറി വി. സെയ്ദ്, ട്രഷറർ റ്റി. പി. ആനന്ദൻ എന്നിവർ ആവശ്യപ്പെട്ടു.