കൊല്ലം: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ലൈസന്‍സ് വ്യവസ്ഥകള്‍ പ്രകാരമുള്ള ശുചിമുറിയോ കുടിവെള്ളമോ ഭൂരിഭാഗം പമ്പുകളിലും ഇടപാടുകാര്‍ക്കായി ഒരുക്കിയിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ഡീലറുടെ പേരും ഫോണ്‍ നമ്പരും പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാ പമ്പുകളും നിര്‍ദ്ദിഷ്ഠ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊതുവിതരണ വകുപ്പും ബന്ധപ്പെട്ട മറ്റ് അധികൃതരും നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. എ.ഡി.എം സബീന്‍ സമീദ് അധ്യക്ഷത വഹിച്ചു.
മാവേലി സ്റ്റോറുകളിലും ലാഭം മാര്‍ക്കറ്റുകളിലും സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ടെന്നും കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ പറഞ്ഞു. അനിശ്ചിതമായി വൈകുന്ന റോഡ് നിര്‍മാണ പദ്ധതികള്‍ എത്രയും വേഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണം. ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ ജോലികള്‍ ഏറ്റെടുത്ത് മറിച്ചു കൊടുക്കുന്നതാണ് പല പദ്ധതികളും പൂര്‍ത്തീകരിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും തടസമാകുന്നത്അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ലാപ്പന, കുലശേഖരപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സുനാമി ഫഌറ്റുകളിലെ കുടിവെള്ള ദൗര്‍ലഭ്യം, മാലിന്യം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ആവശ്യപ്പെട്ടു. ആലപ്പാട്, വെള്ളനാതുരുത്ത് മേഖലകളില്‍ ഓഖി ദുരന്തത്തില്‍ തകര്‍ന്ന കടല്‍ഭിത്തി പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. കരുനാഗപ്പള്ളിഓച്ചിറ ഹൈവേയില്‍ പുത്തന്‍തെരുവ് ജംഗ്ഷനില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണത്തിന് അടിയന്തരമായി ട്രാഫിക് വാര്‍ഡനെ നിയോഗിക്കണം. ജില്ലയില്‍ പലയിടത്തും സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പ്പനയ്ക്കെതിരെ എക്സൈസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്ത്തണംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.
ആറു മാസത്തോളമായി കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ ഇല്ലാത്തത് മേഖലയിലെ പൊതുവിതരണ സംവിധാനത്തെ ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍ അടിയന്തരമായി ഓഫീസറെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എച്ച്. അബ്ദുല്‍ സലാം, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.