23
Friday
October 2020

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍ : ജലജന്യരോഗങ്ങള്‍ തടയുന്നതിനായി ഭക്ഷ്യ വില്‍പന വിതരണ കേന്ദ്രങ്ങളും പൊതുജനങ്ങളും താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു :ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാന്റീനുകള്‍, തട്ടുകടകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവ നടത്തുന്നവര്‍ പാചകം ചെയ്യുവാന്‍ ശുദ്ധജലം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ കൊടുക്കാവൂ. പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ മൂടിവെക്കണം. പാചകം ചെയ്യുന്നവര്‍ വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികള്‍ ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു മുമ്പ് കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്.

വാഷ് ബേസിനുകള്‍ക്കു സമീപം സോപ്പോ ഹാന്‍ഡ്‌വാഷിങ്ങ് ലോഷനോ നിര്‍ബന്ധമായും വെച്ചിരിക്കണം. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍, വിളമ്പാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ തിളച്ച വെള്ളത്തില്‍ കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണ പദാര്‍ഥങ്ങള്‍ ചൂടോടെത്തന്നെ വിളമ്പണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തും കൈ കഴുകുന്ന സ്ഥലത്തും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ഈച്ച ശല്യം ഒഴിവാക്കുന്നതിനായി ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും കീടനിയന്ത്രണ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുമാണ്. പഴകിയ ഭക്ഷണ സാധനങ്ങളുടെ പുനരുപയോഗം ഒരു കാരണവശാലും നടത്തരുത്. ഖര മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും അടച്ചു സൂക്ഷിക്കേണ്ടതും നിശ്ചിത ഇടവേളകളില്‍ നീക്കം ചെയ്യേണ്ടതുമാണ്. കൂള്‍ബാറുകളില്‍ ഉപയോഗിക്കുന്ന വെള്ളം ഫില്‍റ്റര്‍ ചെയ്തതും ക്ലോറിനേഷന്‍ നടത്തി തണുപ്പിച്ചതോ അല്ലെങ്കില്‍ തിളപ്പിച്ച് തണുപ്പിച്ചതോ ആയിരിക്കണം. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് വിതരണം ചെയ്യാന്‍ പാടില്ല.

പൊതുജനങ്ങള്‍ ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുട്ടികളുടെ കൈയിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുടിവെള്ളവും ആഹാര സാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. പഴുത്തളിഞ്ഞ പഴവര്‍ഗങ്ങള്‍ കഴിക്കരുത്. പഴകിയതും മലീമസമായതുമായ ആഹാരം കഴിക്കാതിരിക്കുക. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക. ഇടക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക. പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ചശല്യം ഒഴിവാക്കുക

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com