26
Tuesday
January 2021

കാലാവധി തീരും മുന്‍പ് എല്ലാവര്‍ക്കും വീട്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ് ഭവനരഹിതര്‍ക്കും ഭൂമി ഇല്ലാത്തവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. കഴിഞ്ഞ 32 മാസ കാലയളവിനുള്ളില്‍ ദീര്‍ഘകാലമായി മുടങ്ങി കിടന്ന വന്‍കിട വികസന പദ്ധതികള്‍ എല്ലാം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. എല്ലാ നിയോജക മണ്ഡലങ്ങളിലെയും സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവും പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 36 ലക്ഷത്തില്‍ നിന്നും 51 ലക്ഷമായി ഉയര്‍ത്തുകയും പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1200 രൂപയായി വര്‍ധിപ്പിച്ച് വീടുകളില്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി വരുകയാണ്.
ജനാധിപത്യ വ്യവസ്ഥയ്ക്കു തടസമുണ്ടാകാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഗ്രാമപഞ്ചായത്തുകളുടെ ശാക്തീകരണത്തിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും ഇതു വിലയിരുത്തി അംഗീകാരം നല്‍കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഏറ്റവും മികച്ച പഞ്ചായത്തീരാജ് സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഗവി ഉള്‍പ്പെടെ ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചിറ്റാര്‍-സീതത്തോട് പഞ്ചായത്തുകളില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങി ഉപാധികളില്ലാതെ പട്ടയം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. ആങ്ങമൂഴി കുട്ടവഞ്ചി സവാരിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു സുവര്‍ണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി. നന്ദകുമാര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന മോഹന്‍ ഹരിത കര്‍മ്മ സേനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആധുനിക സീതത്തോട് മാര്‍ക്കറ്റ് മാസ്റ്റര്‍ പ്ലാന്‍ പി. ആര്‍. പ്രമോദ് അവതരിപ്പിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് മുന്‍ അംഗം എസ്. ഹരിദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. അശോക് കുമാര്‍, സജിനി സുരേഷ്, ഷാനു സലിം, ജേക്കബ് വളയംപള്ളില്‍, ടി. എ. നിവാസ്, ശ്രീന ഷിബു, സവി മധു, ബി. അച്ചന്‍കുഞ്ഞ്, പി. ജെ. തോമസ്, ഗ്രേസി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
2.78 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണം മൂന്നു ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com