മലപ്പുറം: ഭിന്നശേഷികരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതും സമൂഹത്തിന്റെ പൊതുയിടങ്ങളിലും മറ്റെല്ലാ മേഖലകളിലും അവരെ പരിഗണിക്കേണ്ടതും ജനാധിപത്യത്തില്‍ സംഭവിക്കേണ്ട മാറ്റങ്ങളാണെന്ന് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്. പൊന്നാനി നിയോജക മണ്ഡലത്തെ ഭിന്നശേഷി സൗഹൃദമാക്കുന്ന ‘അനുഗമനം’ പദ്ധതിയും മറ്റു അനുബന്ധ പദ്ധതികളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനം ഓടിക്കാന്‍ താല്പര്യമുള്ള മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കെല്ലാം മുച്ചക്ര വാഹനം നല്‍കും. മണ്ഡലത്തില്‍ നടപ്പാക്കുന്ന മുഴുവന്‍ പദ്ധതികളും ഭിന്നശേഷി സൗഹൃദമാക്കും. പൊന്നാനിയിലെ സാംസ്കാരിക കേന്ദ്രമായ നിള പൈതൃക കലാഗ്രാമം കണ്ണു കാണാത്തവര്‍ക്ക് സഹായമാകുന്ന തരത്തിലാണ് ഒരുക്കുന്നത്. രാജ്യത്ത് ഇത്തരത്തില്‍ ഭിന്നശേഷി സൗഹൃദപരമായ ഇത്തരത്തിലെ ആദ്യത്തെ മ്യൂസിയമാണ് നിള പൈതൃക കലാഗ്രാമം. പൈതൃക മ്യൂസിയത്തിലെ പ്രതലങ്ങള്‍ മുതല്‍ എല്ലാ ഭാഗങ്ങളും കണ്ണുകാണാത്തവര്‍ക്ക് ആശയ വിനിമയം നടത്താവുന്ന ബെയ്ലി ലിപിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അതിനാല്‍ മറ്റാരുടെയും സഹായമില്ലാതെ മ്യൂസിയം സന്ദര്‍ശിക്കാന്‍ കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ പദ്ധതി പ്രദേശങ്ങളിലും റാമ്പ് സൗകര്യമൊരുക്കും. നിലവിലുള്ളതും തുടങ്ങാനിരിക്കുന്നതുമായ മുഴുവന്‍ പദ്ധതികളിലും ഭിന്നശേഷിക്കാര്‍ക്കായി സൗകര്യമുണ്ടാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
പൊന്നാനിയില്‍ നടന്ന ഡ്രോണ്‍ സര്‍വ്വേ കേരളത്തിന്റെ തിരിച്ചുവരവില്‍ തുന്നിച്ചേര്‍ത്ത പൊന്‍തൂവലാണ്. വിവരങ്ങളെ ശാസ്ത്രീയമായി ക്രമീകരിച്ച് ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് വിരല്‍ തുമ്പില്‍ കിട്ടും വിധം ലഭ്യമായതിനാല്‍ മറ്റാരുടെയും സഹായമില്ലാതെ പ്രളയബാധിതര്‍ക്ക് സഹായങ്ങള്‍ നല്കാന് കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരത്തില്‍ അമേരിക്കയില്‍ നിന്നുള്ളവരുടെ സഹായത്തില്‍ വീട് നിര്‍മാണം ആരംഭിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഓരോ വീടും നിര്‍മിക്കുന്നെതെന്നും സ്പീക്കര്‍ പറഞ്ഞു. ‘അനുഗമനം’ പദ്ധതിയുടെ ഭാഗമായി സ്പീക്കര്‍ 76 പേര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. സ്പീക്കറുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 മുച്ചക്ര വാഹനങ്ങളും വികലാംഗ കോര്പ്പറേഷന് വഴി 26 മുച്ചക്ര വാഹനങ്ങളുമാണ് നല്‍കിയത്.
പൊന്നാനി മാതൃ-ശിശു ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ കേരള വികലാംഗ ക്ഷേമ കോര്പ്പറേഷന് എം.ഡി കെ മൊയ്തീന് കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊന്നാനി നഗരസഭ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി, പൊന്നാനി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി മുഹമ്മദ് ബഷീര്‍ ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ മറ്റു ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.