കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. അമേരിക്കയിലുള്ള മകൻ രവിരാജ് നാളെയെത്തും. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 6.45ന് കൊച്ചിയിലെ വസതിയായ പാൻജോസ് അപ്പാർട്ട്മെന്റിൽ കൊണ്ടുവരും. കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന പ്രാർഥനാചടങ്ങുകൾക്കു ശേഷം 7.45ന് പൊതുദർശനത്തിനായി എറണാകുളം നോർത്ത് ടൗൺഹാളിലേക്കു കൊണ്ടുപോകും. 10 വരെ പൊതുദർശനം.
തുടർന്നു സ്വദേശമായ പത്തനംതിട്ടയിലേക്ക്. ആലപ്പുഴയിൽ അൽപ്പസമയം അന്ത്യാജ്ഞലി അർപ്പിക്കാനായി നിർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ പത്തനംതിട്ടയിലെത്തിക്കും. മാക്കാംകുന്ന് സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 3.30 വരെ പൊതുദർശനം. 3.45 മുതൽ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടിൽ. തുടർന്നു പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.