ന്യൂഡല്‍ഹി: സെര്‍വര്‍ റൂമിലെ സിസിടിവി തകര്‍ത്തത് പ്രതിഷേധക്കാരെന്ന ജെ എന്‍ യു അധികൃതരുടെ വാദം പൊളിയുന്നു. വൈദ്യുതി വിതരണം തടസപ്പെട്ടതിനാല്‍ ജനുവരി മൂന്നിന് സിസിടിവി ഓഫ് ആയിരുന്നുവെന്നാണ് വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടി.
ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി 11 വരെ ജെഎന്‍യു കാമ്പസിലെ നോര്‍ത്ത്, മെയിന്‍ ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ ”തുടര്‍ച്ചയായതും പൂര്‍ണവുമായ” സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു. ഇതേദിവസമാണ് മുഖംമൂടി ധാരികളായ ആളുകള്‍ കാമ്പസില്‍ പ്രവേശിച്ച് വിദ്യാര്‍ഥികളെയും അധ്യാപകരെയും ഇരുമ്പുവടികളും മറ്റും ഉപയോഗിച്ച് ആക്രമിച്ചത്.
ജനുവരി മൂന്നിന് ജെഎന്‍യുവിന്റെ പ്രധാന സെര്‍വര്‍ ഓഫ് ചെയ്തു. വൈദ്യുതി വിതരണം തടസപ്പെട്ടതിനാല്‍ അടുത്ത ദിവസം അത് നിലയ്ക്കുകയും ചെയ്തു. 2019 ഡിസംബര്‍ 30 മുതല്‍ 2020 ജനുവരി എട്ട് വരെ സിസിടിവി ക്യാമറകളൊന്നും നശിപ്പിക്കപ്പെട്ടിട്ടില്ല,” വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി വാഴ്സിറ്റി വ്യക്തമാക്കി.
ജനുവരി 17 ന് ഉച്ചയ്ക്ക് ഒരു മണിയോടെ 17 ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍ തകര്‍ന്നതായും വിവരാവകാശ മറുപടിയില്‍ പറയുന്നു. ‘2019 ഡിസംബര്‍ 30 മുതല്‍ 2020 ജനുവരി 8 വരെ ബയോമെട്രിക് സംവിധാനങ്ങളൊന്നും തകര്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല,” എന്നും രേഖയില്‍ പറയുന്നു.
ക്യാംപസിലും പരിസരത്തുമുള്ള സിസിടിവി ക്യാമറകളുടെ സെര്‍വറുകള്‍ സിഐഎസ് ഓഫീസില്‍ ഉണ്ടോയെന്നും വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചിരുന്നു. എന്നാല്‍ സിസിടിവി ക്യാമറകളുടെ സെര്‍വറുകള്‍ ഡേറ്റ സെന്ററിലാണെന്നും സിഐഎസ് ഓഫീസിലല്ലെന്നും വാഴ്സിറ്റി വ്യക്തമാക്കി.