കണ്ണൂര്‍: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചിരിക്കുകയാണ് കുഞ്ഞിമംഗലം ചെമ്മട്ടില ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി. തങ്ങളുടെ മഹല്ല് പരിധിയിലുള്ള 150ലേറെ വീടുകളില്‍ നിന്ന് ജമാഅത്ത് കമ്മിറ്റി സ്വരൂപിച്ചത് 2,45,470 രൂപ. മഹല്ല് കമ്മിറ്റി പിരിച്ചെടുത്ത തുക പ്രസിഡന്റ് നൂരിശാ തങ്ങള്‍, ട്രഷറര്‍ ഉസൈനാര്‍ എന്നിവര്‍ കലക്ടറേറ്റിലെത്തി എഡിഎം ഇ മുഹമ്മദ് യൂസുഫിന് കൈമാറി.
പള്ളികമ്മിറ്റി ജനറല്‍ ബോഡി ചേര്‍ന്നാണ് വീടുകളില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കാന്‍ തീരുമാനമെടുത്തത്. ഇതനുസരിച്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി മഹല്ലിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കുകയും പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി തുക സമാഹരിക്കുന്ന കാര്യം അറിയിക്കുകയും ചെയ്തു. ഓരോ വീട്ടിലും ഒരു കവര്‍ നല്‍കിയാണ് സംഘം മടങ്ങിയത്. പെരുന്നാള്‍ നമസ്കാരത്തിനായി പള്ളിയില്‍ വരുമ്പോള്‍ തങ്ങളാലാവുന്ന സംഭാവനയുമായി കവര്‍ തിരികെയെത്തിക്കണമെന്ന് അവര്‍ പറഞ്ഞു. ഇവയില്‍ 150 ലേറെ കവറുകള്‍ പെരുന്നാള്‍ ദിവസം പള്ളിയിലേക്ക് തിരികെയെത്തി. രണ്ടു കവറുകളിലൊഴിച്ച് ബാക്കി എല്ലാറ്റിലും പണമായിരുന്നു. രണ്ടെണ്ണത്തില്‍ ചെറിയ കമ്മലുകളും. അവ വിറ്റ് കിട്ടിയ പണം കൂട്ടിച്ചേര്‍ത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. കവറുകളില്‍ ആരും പേര് എഴുതിയിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ആരാണ് എത്രയാണ് നല്‍കിയതെന്ന് നല്കിയവര്ക്കും ദൈവത്തിനും മാത്രമേ അറിയൂ എന്ന് അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതി തുടങ്ങിയ ഉടന്‍തന്നെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന് വീടുകളില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ റിലീഫ് സാധനങ്ങള്‍ ശേഖരിച്ച് വയനാട്ടിലേക്ക് അയച്ചിരുന്നു. പള്ളി ഇമാം അബ്ദുറഹ്മാന് ബാഖവിയുടെ ആഹ്വാന പ്രകാരം മഹല്ലുകാര് അരിയും പുതിയ വസ്ത്രങ്ങളും മറ്റുമായി സാധനങ്ങള്‍ പള്ളിയിലെത്തിക്കുകയായിരുന്നു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ തന്നെയാണ് അവ ലോറിയില്‍ കയറ്റി വയനാട്ടിലെത്തിച്ചത്. കുടുംബങ്ങള്‍ അവരുടെ പെരുന്നാള്‍ ആഘോഷങ്ങളും മറ്റും മാറ്റിവച്ചാണ് അതിനായി കരുതി വച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് സെക്രട്ടറി അന്നാ യാഖൂബ് പറഞ്ഞു. പള്ളിക്കമ്മറ്റികളിലെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം ക്ഷേത്രമുറ്റത്താണ് ഉദ്ഘാടനം ചെയ്തത്. പള്ളിയുടെ 100 മീറ്റര്‍ മാത്രം അകലെയുള്ള പുറത്തെരുവത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം സെക്രട്ടറി പി വി തമ്പാനില്‍ നിന്ന് സംഭാവന സ്വീകരിച്ചുകൊണ്ടായിരുന്നു ഇത്. ക്ഷേത്രവുമായി തങ്ങള്‍ക്കുള്ള ബന്ധം ചിരപുരാതനമാണെന്നും 13 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ക്ഷേത്ര ഉല്‍സവത്തിന് പഞ്ചസാര നല്കുന്ന ചടങ്ങ് ഇപ്പോഴും നിലവിലുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.