22
Thursday
April 2021

ഒൻപത് പുതിയ പോലീസ് സ്റ്റേഷനുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഒൻപത് പോലീസ് സ്റ്റേഷനുകളുടേയും മൂന്ന് പോലീസ് സ്റ്റേഷനുകൾക്കുള്ള പുതിയ മന്ദിരങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 13ന് നിർവ്വഹിക്കും. തിരുവനന്തപുരം റൂറൽ ജില്ലയിലെ നഗരൂർ പോലീസ് സ്റ്റേഷനിലാണ് മുഖ്യചടങ്ങ്. ബാക്കി പതിനൊന്ന് സ്ഥലങ്ങളിലെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.

കേരളത്തിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർ വൽകൃത പോലീസ് സ്റ്റേഷനായ നഗരൂർ പോലീസ് സ്റ്റേഷനെ കൂടാതെ കൊല്ലം ജില്ലയിലെ അച്ചൻകോവിൽ, തൃശൂർ ജില്ലയിലെ കയ്പമംഗലം, പാലക്കാട് ജില്ലയിലെ കൊപ്പം, വയനാട് ജില്ലയിലെ തൊണ്ടർനാട് എന്നീ ലോക്കൽ പോലീസ് സ്റ്റേഷനുകളും തിരുവനന്തപുരം റൂറൽ ജില്ലയിലെ പൂവാർ, അഞ്ചുതെങ്ങ്, കോഴിക്കോട് ജില്ലയിലെ വടകര, ഏലത്തൂർ എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളും കണ്ണൂർ ജില്ലയിലെ ന്യൂ മാഹി, പാലക്കാട് ജില്ലയിലെ കുഴൽമന്ദം, ആലപ്പുഴ ജില്ലയിലെ കുറത്തിക്കാട് എന്നീ പോലീസ് സ്റ്റേഷൻ മന്ദിരങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

ഈ സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്ത് 471 ലോക്കൽ സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത് 13 പുതിയ ലോക്കൽ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിൽ പിണറായിയിലെ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു. പുതുതായി അഞ്ചെണ്ണംകൂടി വരുന്നതോടെ സംസ്ഥാനത്തെ ലോക്കൽ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 477 ആയി ഉയരും. സർക്കാർ പ്രഖ്യാപിച്ച 13 സ്റ്റേഷനുകളിൽ ബാക്കിയുള്ളവയുടെയും വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു.

തിരുവനന്തപുരം റൂറൽ ജില്ലയിലെ നഗരൂർ പോലീസ് സ്റ്റേഷനിൽ രാവിലെ 11 നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ.ബി.സത്യൻ എംഎൽഎ, ഡോ. എ.സമ്പത്ത് എംപി, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ തുടങ്ങിയവർ പങ്കെടുക്കും.

അച്ചൻകോവിലിൽ വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു, എംപി മാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, സോമപ്രസാദ്, എംഎൽഎ കെ.ബി.ഗണേഷ് കുമാർ എന്നിവരും കയ്പമംഗലത്ത് വ്യവസായ യുവജനക്ഷേമ കായിക വകുപ്പുമന്ത്രി എ.സി.മൊയ്തീൻ, കയ്പമംഗലം എംഎൽഎ ഇ.ടി.ടൈസൺ മാസ്റ്റർ, ചാലക്കുടി എംപി ഇന്നസെന്റ്, ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫസർ കെ.യു.അരുണൻ, കൊടുങ്ങല്ലൂർ എംഎൽഎ വി.ആർ.സുനിൽകുമാർ, നാട്ടിക എംഎൽഎ ഗീതാഗോപി തുടങ്ങിയവരും പങ്കെടുക്കും.

കൊപ്പത്ത് പട്ടികജാതി-പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ-സാംസ്‌കാരിക പാർലമെന്ററി-നിയമകാര്യ വകുപ്പുമന്ത്രി എ.കെ ബാലൻ, പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ, പാലക്കാട് എംപി എം.ബി.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.

തൊണ്ടർനാട് തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മാനന്തവാടി എംഎൽഎ ഒ.ആർ.കേളു, വയനാട് എംപി എം.ഐ.ഷാനവാസ് സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണൻ, കൽപറ്റ എംഎൽഎ സി.കെ.ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

പൂവാർ തീരദേശ സ്റ്റേഷൻ ഉദ്ഘാടനച്ചടങ്ങിൽ കോവളം എംഎൽഎ എം.വിൻസെൻറ്, പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ, നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ തുടങ്ങിയവർ പങ്കെടുക്കും.

അഞ്ചുതെങ്ങിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ഡോ.എ.സമ്പത്ത് എംപി , അഡ്വ.വി.ജോയ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

വടകര തീരദേശ പോലീസ് സ്റ്റേഷൻ്റെ ഉദ്ഘാടന ചടങ്ങിൽ എക്സൈസ്-തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണൻ, വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രൻ, വടകര എംഎൽഎ സി.കെ.നാണു, നാദാപുരം എംഎൽഎ ഇ.കെ.വിജയൻ, കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും.

കോഴിക്കോട് ഏലത്തൂരിൽ ഗതാഗതവകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ, കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, കോഴിക്കോട് എംപി എം.കെ.രാഘവൻ, കോഴിക്കോട് നോർത്ത് എംഎൽഎ എ.പ്രദീപ്കുമാർ, കൊയിലാണ്ടി എംഎൽഎ കെ.ദാസൻ തുടങ്ങിയവർ പങ്കെടുക്കും.

കണ്ണൂർ ജില്ലയിലെ ന്യൂ മാഹി പോലീസ് സ്റ്റേഷൻ മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ തലശ്ശേരി എംഎൽഎ എ.എൻ.ഷംസീർ, വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രൻ, രാജ്യസഭ എംപി മാരായ കെ.കെ.രാഗേഷ്, റിച്ചാർഡ് ഹെ തുടങ്ങിയവർ പങ്കെടുക്കും.

പാലക്കാട് കുഴൽമന്ദം സ്റ്റേഷൻ കെട്ടിടത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ, ആലത്തൂർ എംഎൽഎ കെ.ഡി.പ്രസേനൻ, ആലത്തൂർ എംപി പി.കെ.ബിജു, പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, നെന്മാറ എംഎൽഎ കെ.ബാബു എന്നിവർ പങ്കെടുക്കും.

ആലപ്പുഴ കുറത്തികാട് കെട്ടിടത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ആർ.രാജേഷ് എംഎൽഎ, പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പുമന്ത്രി ജി.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎ യു.പ്രതിഭ എന്നിവർ പങ്കെടുക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com