തിരുവനന്തപുരം: നവകേരള നിർമാണ ഫണ്ടിനുവേണ്ടിയുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് കേന്ദ്രാനുമതി വൈകുന്നതിനിടെ, അനുമതി ലഭിച്ച മുഖ്യമന്ത്രി ഗൾഫ് രാജ്യങ്ങളിലേക്ക്. ശനിയാഴ്ചവരെ അദ്ദേഹം യു.എ.ഇ.യിലുണ്ടാവും.
മുഖ്യമന്ത്രി 17ന് അബുദാബി, 19ന് ദുബായ് , 20ന് ഷാർജ എന്നിവിടങ്ങൾ സന്ദർശിക്കും. അമേരിക്കയിൽനിന്ന് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആദ്യമായി നടത്തുന്ന വിദേശ യാത്രയാണിത്. നവകേരള നിർമിതിയെക്കുറിച്ചുള്ള സംസ്ഥാനസർക്കാരിന്റെ കാഴ്ചപ്പാട് പ്രവാസികൾക്കുമുന്നിൽ അവതരിപ്പിക്കുകയും നിർമാണപ്രവർത്തനങ്ങൾക്ക് സഹായകമായ അഭിപ്രായങ്ങൾ ആരായുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ ഗ്രൂപ്പും യു.എ.ഇ.യിലെ ലോക കേരളസഭാ അംഗങ്ങളും പ്രവാസി സംഘടനകളും ചേർന്നാണ് മുഖ്യമന്ത്രിയുടെ സന്ദർശന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് തുടങ്ങിയവർ ഒപ്പമുണ്ടാവും.