തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് കൂടിക്കാഴ്ച നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയതിലാണ് കൂടിക്കാഴ്ച നടത്തിയത്. ഗവർണറെ അവഗണിച്ച് മുന്നോട്ടു പോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ആരിഫ് മുഹമ്മദ് ഖാൻ പൗരത്വഭേദഗതി വിഷയത്തിൽ കഴിഞ്ഞദിവസം സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാജ്ഭവനിൽ ചീഫ് സെക്രട്ടറി-ഗവർണർ കൂടിക്കാഴ്ച നടന്നത്.
20 മിനുട്ടോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ വാക്കാലുള്ള മറുപടിയാണ് ചീഫ് സെക്രട്ടറി ഗവർണർക്ക് നൽകിയതെന്നാണ് സൂചന. സുപ്രീം കോടതിയെ സമീപിച്ചതിൽ റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര നിയമങ്ങൾക്കെതിരെ ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടന്നും സംസ്ഥാന സർക്കാർ പൗരത്വ നിയമ ഭേദഗതിക്കെതിരാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനു വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിക്കുന്ന നടപടികൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സംസ്ഥാന സർക്കാരുകൾ ഗവർണർമാരെ അറിയിച്ചിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇനിയങ്ങോട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഗവർണറെ കടുത്ത ഭാഷയിൽ വിമർശിക്കുന്നില്ല എന്ന നിലപാടാണ് സർക്കാറിന്റെത്. ടോം ജോസ് നൽകിയ വിശദീകരണത്തിൽ ഗവർണർ തൃപ്തനാണെന്നാണ് സൂചന.