കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ കുട്ടി ഡോക്ടര്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 16 പഞ്ചായത്തുകളിലെ അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ജില്ലാ ടി.ബി. സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു.
പരിശീലനം നേടുന്ന അധ്യാപകര്‍ ബ്ലോക്ക് തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. പ്രഥമ ശുശ്രൂഷ, പകര്‍ച്ചവ്യാധി പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ അറിവ് നേടുന്ന വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ കുട്ടി ഡോക്ടര്‍മാരായി പ്രവര്‍ത്തിക്കും. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 16 സ്കൂളുകളില്‍ നടപ്പാക്കിയ പദ്ധതി ഈ വര്‍ഷം പുതുതായി 16 സ്കൂളുകളിലാണ് നടപ്പാക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആര്. സന്ധ്യ അധ്യക്ഷയായി. എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ജെ. മണികണ്ഠന്, ടെക്നിക്കല്‍ അസിസ്റ്റന്റ് വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.