11
Tuesday
May 2021

രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍; 4,300 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കോഴഞ്ചേരി, റാന്നി താലൂക്കുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ നടക്കുന്നു. ഇന്നലെ 4,300 ഓളം പേരെയാണ് വൈകുന്നേരം ആറുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. രാത്രിയിലും രക്ഷാപ്രവര്‍ത്തനം പൂര്‍ണ തോതില്‍ നടത്തിയിരുന്നു. പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിഞ്ഞവരെ നേവിയുടെ ഹെലികോപ്ടറുകള്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ എത്തിച്ചു.

നേവിയുടെ 15 ബോട്ടുകളും കൊല്ലം നീണ്ടകരയില്‍ നിന്ന് എത്തിയ 12 വലിയ ബോട്ടുകളും ഫയര്‍ഫോഴ്‌സിന്റെ എട്ട് ഡിങ്കികളും 10 ഫൈബര്‍ ബോട്ടുകളും തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള മൂന്ന് സ്പീഡ് ബോട്ടുകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നത്. ആര്‍മിയുടെ 70 സേനാംഗങ്ങളും എന്‍ഡിആര്‍എഫിന്റെ 78 പേരും ഐടിബിപിയുടെ 59 പേരും മറ്റു സേനകളില്‍പ്പെട്ട 60 പേരും സംസ്ഥാന പോലീസ് സേനയിലെ 68 പേരുമാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ബോട്ടുകളിലും മറ്റുമായി പൂര്‍ണസമയം ഏര്‍പ്പെട്ടിരിക്കുന്നത്. കൊല്ലത്തു നിന്ന് 20 ബോട്ടുകള്‍ കൂടി എത്തിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങളുടെ മികച്ച ഏകോപനത്തിനായി ഡിഐജി ഷെഫീന്‍ അഹമ്മദ്, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവരും പത്തനംതിട്ടയിലെ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ജില്ലാ കളക്ടര്‍ പി. ബി. നൂഹ് ദുരിതബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. ഇന്നലെ വൈകിട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആറ് ടീമുകളെ നിയമിച്ചു. ആദ്യ ടീം ബോട്ടുകള്‍ വിന്യസിക്കേണ്ടതിന്റെ വിവരങ്ങള്‍ ശേഖരിച്ച് അതിന്റെ പൂര്‍ണ ചുമതല നിര്‍വഹിക്കും. രണ്ടാമത്തെ ടീം മാറ്റി പാര്‍പ്പിക്കുന്നവര്‍ക്ക് ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണം, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കും.

വകുപ്പ് തല കോ-ഓര്‍ഡിനേഷന്‍, മാധ്യമങ്ങള്‍ക്ക് തല്‍സമയം വിവരങ്ങള്‍ നല്‍കുന്നതിനുള്ള മീഡിയാ ടീം, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്ന സാധനങ്ങള്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള ടീം, അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനുള്ള റിസര്‍വ് ടീം എന്നിങ്ങനെ ആറ് ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്. 24 മണിക്കൂറും ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടീമുകള്‍ ഫീല്‍ഡില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ തഹസീല്‍ദാര്‍മാര്‍ക്കും ആര്‍ഡിഒമാര്‍ക്കും വയര്‍ലെസ് സെറ്റുകള്‍ ഉടന്‍ എത്തിക്കും. പല സ്ഥലങ്ങളിലും മൊബൈല്‍ കവറേജിന്റെ പ്രശ്‌നം മൂലം വിവരങ്ങള്‍ കൈമാറുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിക്കാന്‍ തീരുമാനമായത്.

റാന്നി താലൂക്കില്‍ ജലനിരപ്പ് താഴ്ന്നതു മൂലം ദുരിതത്തിന് അല്‍പ്പം ശമനം ഉണ്ടായിട്ടുണ്ട്. കോഴഞ്ചേരി താലൂക്കില്‍ വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഭൂരിപക്ഷം ആളുകളെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഇനിയും ആളുകള്‍ ഒറ്റപ്പെട്ട് കഴിയുന്നതായാണ് വിലയിരുത്തുന്നത്. ഇവരെ കൂടി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതോടൊപ്പം തിരുവല്ല താലൂക്കില്‍ അടുത്ത ദിവസം ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര ആവശ്യത്തിന് ബോട്ടുകള്‍ ഇവിടെ എത്തിച്ച് അതിരാവിലെ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തില്‍ ജില്ലാ കളക്ടര്‍ പി. ബി. നൂഹ്, ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, എഡിഎം പി. ടി. ഏബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com