പന്തളം: ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറും സംഘർഷവും. വൈകിട്ട് ആറുമണിയോടെ മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി മാവേലിക്കര റോഡിൽ നഗരസഭാ കാര്യാലയത്തിനു മുമ്പിലുള്ള സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയപ്പോഴായിരുന്നു കല്ലേറ്. പ്രകടനത്തിൽ നിന്നും പാർട്ടി ഓഫീസിലേക്കും തിരിച്ചും കല്ലേറുണ്ടായതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. കല്ലേറിൽ പന്തളം സ്റ്റേഷനിലെ സി പി ഒ രാജേഷി (43)ന് തലയ്ക്ക് പരിക്കുപറ്റി. സംഭവത്തിൽ രണ്ട് വഴിയാത്രക്കാരുൾപ്പടെ പത്തോളം കർമ്മസമിതി പ്രവർത്തകർക്ക് പരുക്കേറ്റു. രൂക്ഷമായ കല്ലേറിലും സംഘർഷത്തിലും റോഡിനിരുവശവും പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ തകർന്നു.
പന്തളത്ത് കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ നടന്ന അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ (55) മരിച്ചു.
സിപിഎം അക്രമം എന്നാരോപിച്ച് കർമ്മസമിതി പ്രവർത്തകർ പന്തളം ജംഗ്ക്ഷനിൽ എം സി റോഡ് ഉപരോധിച്ചു അടൂർ ഡി.വൈ.എസ്.പി ആർ.ജോസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നു.