ആലപ്പുഴ: എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെപിസിസി ഉപസമിതി. മുതിര്‍ന്ന നേതാക്കളായ കെവി തോമസ്, പിടി തോമസ് എന്നിവരടങ്ങിയ അഞ്ചംഗ ഉപസമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കെപിസിസിക്ക് സമർപ്പിച്ചത്.
കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി മത്സരിച്ചത് കേരളാ കോണ്‍ഗ്രസ് എം ആയിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സീറ്റ് അവർക്കു നൽകിയാൽ പരാജയപെടുന്നതിനാണ് സാധ്യത എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. പ്രാദേശിക നേതാക്കളും സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന നിലപാടിലാണ്. നിലവില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമെന്നും കരുതുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കേരള കോണ്‍ഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങള്‍ക്ക് പുറമേ ജേക്കബ്ബ് വിഭാഗവും യുഡിഎഫില്‍ ഈ സീറ്റിന് അവകാശവാദം ഉന്നയിക്കാനുള്ള നീക്കത്തിലാണ്. അതേസമയം ഘടക കക്ഷികളുമായി ചര്‍ച്ച നടത്തി സീറ്റ് ഏറ്റെടുക്കണം എന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് കെപിസിസി ഗൗരവമായി എടുക്കുന്നതിനാണ് സാധ്യത.