25
Wednesday
November 2020

എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം; ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍

Google+ Pinterest LinkedIn Tumblr +

വുഹാന്‍: എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി ചൈനയിലെ കൊറോണ ബാധിത മേഖലകളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍. രോഗബാധ പേടിച്ച് പുറത്തിറങ്ങാന്‍ പോലും പേടിയാണെന്ന് യീച്ചാങ് സിടിജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ പറയുന്നു. വുഹാന്‍ യൂണിവേഴ്‌സിറ്റി കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ കൂടുതല്‍ പഠിക്കുന്ന സ്ഥലമാണ് ചൈന ടിജി യൂണിവേഴ്‌സിറ്റി.

വൈറസ് ബാധ മേഖലയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ചൈനയും തമ്മില്‍ ധാരണയായിട്ടുണ്ട്. കേരളത്തില്‍ ആശുപത്രിയില്‍ അഞ്ചുപേരും വീടുകളില്‍ 436 പേരും നിരീക്ഷണത്തിലാണ്

അതേസമയം, കൊറോണ വൈറസ് ബാധ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വ്യാപിക്കുന്നതായി സൂചന നല്‍കി ആദ്യ മരണം. വുഹാനില്‍നിന്നെത്തിയ അന്‍പതുകാരി ബെയ്ജിങ്ങില്‍ മരിച്ചതായാണ് വിവരം. ഇതോടെ ചൈനയില്‍ മരണം 82 ആയി.

മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ ചൈനയില്‍ കുടുങ്ങിയ സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടല്‍ നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. ഒഴിപ്പിക്കാന്‍ വിമാനവും സജ്ജമാണ്.

ഭൗതികസാഹചര്യമൊരുക്കിയാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങും. ഇന്ത്യയില്‍ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. ചൈനയില്‍ നിന്നും അടുത്തിടെ തിരിച്ചെത്തിയ രാജസ്ഥാന്‍, ബിഹാര്‍, ബംഗളൂരു സ്വദേശികളിലാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. പുണെയിലെത്തിയ 12 പേര്‍ നിരീക്ഷണത്തിലാണ്.

കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ആരോഗ്യം, വിദേശകാര്യം, വ്യോമയാനം, തൊഴില്‍, പ്രതിരോധ മന്ത്രാലയ സെക്രട്ടറിമാര്‍ പങ്കെടുത്ത അവലോകന യോഗം േചര്‍ന്നു. 137 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെത്തിയ 29,707 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. നേപ്പാള്‍ അതിര്‍ത്തിയില്‍ ആരോഗ്യരംഗത്തു നിന്നുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക ചെക് പോസ്റ്റുകള്‍ സജ്ജമാക്കും. തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കി.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com