24
Saturday
October 2020

ജാപ്പനീസ് ആഡംബരക്കപ്പലില്‍ പത്ത് പേര്‍ക്ക് കൊറോണ ബാധ; 3,711 പേര്‍ നിരീക്ഷണത്തില്‍

Google+ Pinterest LinkedIn Tumblr +

ടോക്കിയോ: ഡയമണ്ട് പ്രിന്‍സസ് എന്ന ജാപ്പനീസ് ആഡംബരക്കപ്പലില്‍ പത്ത് പേര്‍ക്ക് നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കപ്പലിലുള്ള 3,711 പേരെ നിരീക്ഷണത്തിലാക്കി. ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബരക്കപ്പല്‍ തിങ്കളാഴ്ചയാണ് യോക്കോഹമ തുറമുഖത്ത് നങ്കൂരമിട്ടത്. യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല

കഴിഞ്ഞ മാസം കപ്പലില്‍ യാത്ര ചെയ്ത, ഹോങ്കോങ്കില്‍ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്നാണ് കപ്പലിലുള്ളവരെ പരിശോധനയ്ക്കു വിധേയരാക്കിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന 272 പേരുടെ പരിശോധനയാണ് ഇതുവരെ നടത്തിയതെന്നും 31 പേരുടെ ഫലം ലഭിച്ചതില്‍ 10 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും ജപ്പാന്‍ ആരോഗ്യ മന്ത്രി കട്‌സുനോബ് കറ്റോ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ കപ്പലില്‍നിന്നു മാറ്റിയിട്ടുണ്ട്.

കപ്പലില്‍ ഉള്ള ബാക്കിയുള്ളവരെയെല്ലാം 14 ദിവസം നിരീക്ഷണത്തിലാക്കുമെന്നും അതിനു ശേഷമേ പോകാന്‍ അനുവദിക്കൂവെന്നും കറ്റോ പറഞ്ഞു. കപ്പലിലുള്ള പകുതിയിലേറേ പേരും ജാപ്പനീസ് പൗരന്മാരാണെന്നും മറ്റുള്ളവരുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലെന്നും ക്രൂയിസ് കപ്പലിന്റെ ഓപ്പറേറ്റര്‍ പറഞ്ഞു. കപ്പലിന്റെ അടുത്ത രണ്ടാഴ്ചത്തെ യാത്രകള്‍ റദ്ദാക്കിയതായും കപ്പിലിലേക്ക് വേണ്ട അവശ്യവസ്തുക്കള്‍ എത്തിക്കുമെന്നും ഉടമസ്ഥരായ കാര്‍ണിവല്‍ കമ്പനി അറിയിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com