വുഹാൻ: കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ 106 ആയി ഉയർന്നുവെന്ന് ചൈനീസ് അധികൃതർ. 1,291 പേർ കൂടി രോഗബാധിതരാണെന്നും മധ്യ ഹ്യൂബി പ്രവിശ്യയിലെ ആരോഗ്യ കമ്മീഷൻ പറഞ്ഞു. കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ യുഎസ് അധികൃതർ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് പൗരന്മാരെയും രാജ്യത്തുനിന്നും പുറത്തെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ജപ്പാൻ, മംഗോളിയ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള നീക്കം തുടങ്ങി.
അതേസമയം, വുഹാനിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കാൻ തിങ്കളാഴ്ച വൈകുന്നേരം പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം സർക്കാർ നിർദേശപ്രകാരം പറത്തിയില്ല. വൈറസ് ബാധിത രാജ്യത്ത് പോകേണ്ടി വരുന്നതിനാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വിമാനത്തിന് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ.