എറണാകുളം: സിപിഎം നേതാവും മുന്‍ വിദ്യാര്‍ഥി നേതാവുമായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് ആറുമണിയോടെ ആയിരുന്നു അന്ത്യം. പൊതുപരിപാടിയുമായി ബന്ധപ്പെട്ട് തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം.
ക്യാമ്പസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീര്‍ഘകാലമായി വീല്‍ചെയറിയിലാണു പൊതുപ്രവര്‍ത്തനം നടത്തിയത്. 2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. 2015ല്‍ 138 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. രണ്ടു നോവലുകള്‍ എഴുതിയിട്ടുണ്ട്.
സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. തളരാത്ത പോരാട്ട വീര്യത്തിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടത്. എസ്.എഫ്.ഐ നേതാവായിരിക്കെ കുത്തേറ്റ് ശരീരം തളര്‍ന്ന ശേഷവും ബ്രിട്ടോ നിരാശപ്പെടുകയോ പിന്‍വാങ്ങുകയോ ചെയ്തില്ല. ബ്രിട്ടോയുടെ ആകസ്മിക വേര്‍പാട് കമ്യൂണിസ്റ്റ്-പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയില്‍ നിറഞ്ഞുനിന്നു- മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോ. വിദ്യാര്‍ത്ഥി നേതാവ്, എഴുത്തുകാരന്, നിയമസഭാ സാമാജികന്, മനുഷ്യസ്നേഹി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനാണദ്ദേഹം എന്നും വി.എസ് പറഞ്ഞു.
ബ്രിട്ടോ ജീവിച്ചിരുന്ന രക്തസാക്ഷി ആയിരുന്നു എന്നും അദ്ദേഹം എപ്പോഴും സജീവമായി ചിന്തിക്കുകയും യുവജനങ്ങള്‍ക്ക് ആവേശം നല്‍കുകയും ചെയ്തിരുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചനം രേഖപ്പെടുത്തി. ധീരനായ സഖാവിനെ നഷ്ടമായെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പുരോഗമന പ്രസ്ഥാനത്തിന് ആകെ പ്രചോദനമായിരുന്നു സൈമണ്‍ ബ്രിട്ടോ. വിദ്യാര്‍ത്ഥി പ്രസ്ഥാന നാളുകള്‍ മുതല്‍ അടുപ്പമുള്ള നേതാവെന്നും യെച്ചൂരി പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983ല്‍ 14ന് കെഎസ്യു പ്രവര്‍ത്തകരുടെ കത്തിക്കുത്തേറ്റതോടെയാണ് അരയ്ക്ക് താഴേക്ക് സ്വാധീനം നഷ്ടമായത്. ഭാര്യ: സീന. മകള്‍: കയനില.