24
Saturday
October 2020

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നു

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: ജില്ലയില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ ഉപദേശക സമതി യോഗം വിലയിരുത്തല്‍. ലൈംഗികമായി കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും യോഗം വിലയിരുത്തി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുസംബന്ധിച്ച് ആലപ്പുഴ ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉപദേശക സമതി യോഗത്തിലാണ് അതിക്രമങ്ങളുടെ കണക്കുകള്‍ അവതരിപ്പിച്ചത്.

അമ്പലപ്പുഴ, കായംകുളം, ഹരിപ്പാട് താലൂക്കുകളിലാണ് വിദ്യാര്‍ഥികള്‍ കൂടുതല്‍ ഇരകളാകുന്നത്. മിക്ക കേസുകളിലും ബന്ധുക്കളോ അയല്‍ക്കാരനോ കുട്ടികളുടെ സുഹൃത്തുക്കളോ ആണ് അതിക്രമം നടത്തുന്നത്. 2017ല്‍ മാത്രം ശാരീരിക അതിക്രമം സംബന്ധിച്ച് 98 പരാതികളാണ് ചൈല്‍ഡ് ലൈന്‍ പരിഗണിച്ചത്. 46 ലൈംഗിക അതിക്രമ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 100 വൈകാരിക അതിക്രമ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മിക്ക കേസുകളിലും ഇരകളായവരില്‍ അധികവും പെണ്‍കുട്ടികളാണ്. ഈ കാലായളവില്‍ 37 ശതമാനം പെണ്‍കുട്ടികളാണ് അതിക്രമത്തിനിരയായത്. 2018 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 64 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എ.ഡി.എം ഐ.അബ്ദുള്‍ സലാം അധ്യക്ഷനായി. സബ്ജഡ്ജ് ഉദയകുമാര്‍, ചൈല്‍ഡ് ലൈന്‍ ആലപ്പുഴ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള പ്രസന്റേഷന്‍ യോഗത്തില്‍ അവതരിപ്പിച്ചു. ചൈല്‍ഡ് ലൈനിന്റെ ഭാവി പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടന്നു. നവംബര്‍ 14 മുതല്‍ 21വരെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വാരാചരണം നടത്തും. പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ മാനസികാഘാതം കുറയ്ക്കാനായി വിനോദ പരിപാടികളും സ്‌പോര്‍ട്‌സ് പരിപാടികളും നടത്തും. 10 സ്‌കൂളുകളില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ദുരന്ത നിവാരണ അവബോധം വളര്‍ത്തിയെടുക്കും. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സുരക്ഷാ ബോധം വളര്‍ത്തിയെടുക്കാനും, ബാലാവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ചുവര്‍ചിത്രങ്ങള്‍ വരയ്ക്കും. സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ഥികളെ ആദരിക്കും. ബാലസഭാ കുട്ടികളുമായി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുമെന്നും തിരുവനന്തപുരം ചൈല്‍ഡ്‌െൈലന്‍ കോര്‍ഡിനേറ്റര്‍ ജോബി പറഞ്ഞു. ഫാ. സേവ്യര്‍ കുടിയാംശ്ശേരി, ഡപ്യൂട്ടി കളക്ടര്‍ എസ്. മുരളീധരന്‍ പിള്ള, സാമുഹ്യ നീതി ഓഫീസര്‍ സാബു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com