ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ്. കാറ്റിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശമുണ്ടായി. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം വീശിത്തുടങ്ങിയ കാറ്റ് രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു.
തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ മുൻകരുതൽ ശക്തമാക്കിയത് ദുരിതത്തിന്റെ തീവ്രത കുറച്ചു. ദേശീയ ദുരന്തര നിവാരണസേനയും സംസ്ഥാന റവന്യൂ, പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി ആർ.ബി. ഉദയകുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകട സാധ്യത മുൻകൂട്ടിക്കണ്ട് 63,203 പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു.
നാഗപട്ടണം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി സർവീസുകൾ റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചത് കൂടാതെ സ്വകാര്യകമ്പനികൾ അടക്കം എല്ലാ ഓഫീസുകളിലെയും ജീവനക്കാർ വൈകീട്ടോടെ വീടുകളിലേക്ക് മടങ്ങണമെന്ന് നിർദേശിച്ചിരുന്നു. വാഹനഗതാഗതവും നിർത്തിവെച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു, പരീക്ഷകൾ മാറ്റിവച്ചു.