20
Tuesday
October 2020

ദാദാസാഹിബ് ഫാൽകെ പുരസ്കാര ജേതാവ് മൃണാൾ സെൻ അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

കൊൽക്കത്ത: പ്രശസ്ത ചലച്ചിത്രകാരനും ദാദാസാഹിബ് ഫാൽകെ പുരസ്കാര ജേതാവുമായ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

1923 മേയ് 14ന് ഫരീദ്പുരിൽ ആയിരുന്നു ജനനം. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ഊർജ്ജതന്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. പത്രപ്രവർത്തകനായും മെഡിക്കൽ റെപ്രസന്റേറ്റീവായും കൽക്കട്ട ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യനായും ജോലി ചെയ്തിരുന്നു. കൊല്‍ക്കത്ത സര്‍വകലാശാലയിലെ പഠനകാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പാര്‍ട്ടി അംഗമായിരുന്നില്ലെങ്കിലും ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസോസിയേഷനിൽ പ്രവർത്തിച്ചിരുന്നു.

ഉത്തം കുമാറിനെ നായകനാക്കി 1955ല്‍ പുറത്തിറങ്ങിയ രാത്ത് ബോരെയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. നീൽ ആകാഷെർ നീചെ എന്ന രണ്ടാമത്തെ ചിത്രം പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടി. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാർഡുകളും കാൻ, വെനീസ്, ബർലിൻ, മോസ്കോ, കയ്റോ, ഷിക്കാഗോ, മോൺട്രിയൽ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളിൽ ജൂറിയായി പ്രവർത്തിച്ചു. ഓള്‍വെയ്‌സ് ബീയിങ് ബോണ്‍ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്.

സെന്നിനെ രാജ്യം പത്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ എ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. വിവിധ സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് ബിരുദവും നൽകിയിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com