22
Thursday
October 2020

ഡൽഹി തെരഞ്ഞെടുപ്പ്; നിരവധി വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഡൽഹി കോൺഗ്രസ് മേധാവി സുഭാഷ് ചോപ്രയാണ് കോൺഗ്രസ് ഓഫീസിൽ ‘ഐസി ഹോഗി ഹമാരി ദില്ലി’ എന്ന പ്രകടനപത്രിക പുറത്തിറക്കിയത്.

യുവ സ്വാഭിമാൻ യോജന പ്രകാരം ബിരുദധാരികൾക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദധാരികൾക്ക് 7,500 രൂപയും പ്രതിമാസം തൊഴിലില്ലായ്മ വേതനം, ജല, വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ക്യാഷ്ബാക്ക് പദ്ധതികൾ, മാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, നഗരത്തിൽ 100 ​​ഇന്ദിര കാന്റീനുകൾ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.

സുപ്രീം കോടതിയിൽ പൗരത്വ (ഭേദഗതി) നിയമത്തെ കോൺഗ്രസ് ചോദ്യം ചെയ്യുകയും നിയമം പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്യും. മലിനീകരണത്തിനെതിരെ പോരാടുന്നതിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഓരോ വർഷവും 25 ശതമാനം ബജറ്റ് ചെലവഴിക്കുമെന്നും പാർട്ടി പറയുന്നു. അധികാരത്തിൽ എത്തിയാൽ നിർദ്ദിഷ്ട ദേശീയ പൗരന്മാരുടെ രജിസ്റ്ററും (എൻ‌ആർ‌സി) നിലവിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻ‌പി‌ആർ) പാർട്ടി നടപ്പാക്കില്ല.

15,000 ഇലക്ട്രിക് ബസുകൾ വാങ്ങി ഡെൽഹിയെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നഗരമാക്കും. മെട്രോയിൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും കുറഞ്ഞ നിരക്കിൽ യാത്രയും പത്രിക വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നിർദ്ദേശിച്ച അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ നൽകുന്ന പദ്ധതിയും പത്രികയിലുണ്ട്.

വനിതാ ശാക്തീകരണത്തിനും സുരക്ഷയ്ക്കുമായി ‘ലഡ്‌ലി’ പദ്ധതി വീണ്ടും ആരംഭിക്കും, പെൺകുട്ടികൾക്ക് പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം, സ്ത്രീകൾക്ക് സൗജന്യ ആരോഗ്യ പരിശോധന, നഗരത്തിൽ അടിസ്ഥാന സൗകര്യ വികസനം, ജെജെ ക്ലസ്റ്ററുകളിൽ താമസിക്കുന്നവർക്ക് 350 ചതുരശ്ര ഫ്ലാറ്റ്, ട്രാൻസ്‌ യമുന ഡെവലപ്‌മെന്റ് ബോർഡ് പുതുക്കൽ, മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും ട്രാൻസ്‌ജെൻഡർമാർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ, സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 5,000 കോടി രൂപയുടെ ‘യാരി സ്റ്റാർട്ടപ്പ് ഇൻകുബേഷൻ ഫണ്ട്’ തുടങ്ങിയവയും കോൺഗ്രസ്സ് പ്രകടന പത്രികയിലുണ്ട്.

മുതിർന്ന നേതാക്കളായ ആനന്ദ് ശർമ, മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ അജയ് മക്കെൻ, രാജീവ് ഗൗഡ, ഷർമിഷ്ട മുഖർജി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

എന്നാൽ ആം അഡ്മി പാർട്ടി ഇതുവരെ പ്രകടന പത്രിക പുറത്തിറക്കിയിട്ടില്ല.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com