24
Tuesday
November 2020

മലയോര പ്രദേശങ്ങളുടെ വികസനം കേരളത്തിന്റെ വികസനം; കമാല്‍പാഷ

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മലയോര പ്രദേശങ്ങളുടെ വികസനം കേരളത്തിന്റെ വികസനം ആണെന്നും മെച്ചപ്പെട്ടതും ആധുനികവുമായ യാത്രാ സൗകര്യമാണ് വികസനത്തിന്റെ ആദ്യപടിയെന്നും ഹൈക്കോടതി മുൻ ജസ്റ്റിസ് ബി.കമാൽപാഷ.

മലയോര പ്രദേശത്തിന്റെ സമഗ്രവികസനത്തിന് നിര്‍ണായകമായ പങ്കു വഹിക്കുവാൻ നിർദ്ദിഷ്ട ശബരി റെയിൽവേക്ക് കഴിയുമായിരുന്നു. മാറിമാറി വരുന്ന സർക്കാരുകൾ ഒന്നു മനസ്സു വെച്ചിരുന്നെങ്കിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള മലയോര പ്രദേശങ്ങളുടെ വികസനം നമ്മുടെ പ്രതീക്ഷകൾക്കപ്പുറമായേനെയെന്നും അദ്ദേഹം പറഞ്ഞു.

മലയോര വികസനത്തിനായി രാഷ്ട്രീയ സാമൂഹിക നിയമ രംഗങ്ങളിലെ പ്രമുഖകര്‍ ഒന്നിച്ചു ചേര്‍ന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നു

ശബരിമല വിമാനത്താവള സ്ഥലമേറ്റെടുപ്പ് നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കുമ്പോഴും ശബരി റെയില്‍ പദ്ധതി അവഗണിക്കുന്ന സാഹചര്യത്തിലാണ് വികസന സമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങുന്നത്.

മലയോര മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമം യാഥാർദ്ധ്യമാക്കാൻ ശബരി വിമാനത്താവളവും റെയില്‍വേയും അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് വികസന പദ്ധതികളുടെ ആവശ്യക്ത രൂപപ്പെടുത്തിയെടുക്കുന്നതിനായി വികസന സമിതി രൂപീകരിക്കുന്നത്. കേവലമായി വികസന പദ്ധതികള്‍ക്കപ്പുറം ശബരിമലയെ ആശ്രയിക്കുന്ന കോടിക്കണക്കിന് ഭക്തര്‍ക്കും എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ തുടങ്ങി കാലടി, പെരുമ്പാവൂർ, ഓടാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം, പുനലൂർ, തെന്മല, കുളത്തൂപ്പുഴ, നെടുമങ്ങാട്, പാലോട് വഴി തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളേയും അവിടുത്തെ ജനങ്ങളെയും ഒരു പോലെ ഉന്നതിയിലേക്കെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ശബരി റെയിൽ.

ശബരിവിമാനത്താവളം ചെറുവള്ളി എസ്‌റ്റേറ്റ് കേന്ദ്രീകരിച്ച് ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും വിമാനത്താവളമെന്നത് വളരെ പ്രയോജനകരമാകും. റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ റെയില്‍-വിമാന പദ്ധതികള്‍ വളരെ പ്രയോജനം ചെയ്യുമെന്നും കമാല്‍ പാഷ ചൂണ്ടിക്കാട്ടി.

വിമാനത്താവളം പോലെ തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ഉണ്ടെങ്കിലെ പദ്ധതിയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയു. പ്രധാനമന്ത്രി ഇടപെട്ടിട്ടുപോലും നടക്കാതെ പോയ അപൂര്‍വ്വം പദ്ധതികളില്‍ ഒന്നാണ് ശബരി റെയിൽവേ. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരി റെയില്‍ പദ്ധതിക്ക് അനുമതി നല്‍കുമ്പോള്‍ 550 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. സ്ഥലമേറ്റെടുക്കല്‍ വൈകിയതോടെ ആദ്യം 1566 കോടി രൂപയായും പിന്നീട് 2018 ല്‍ എസ്റ്റിമേറ്റ് പുതുക്കിയപ്പോള്‍ 2815 കോടി രൂപയായും വര്‍ദ്ധിച്ചു.

പദ്ധതി പ്രഖ്യാപനവേളയില്‍ തന്നെ നടപ്പാക്കിയിരുന്നുവെങ്കില്‍ ഈ ഭാരിച്ച തുക ചെലവായി വരില്ലായിരുന്നു. ഇനിയും പദ്ധതി നീണ്ടു പോയാല്‍ ചെലവ് ഉയരുകയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും.

എസ്റ്റിമേറ്റ് തുക ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശം റെയില്‍വേ മുന്നോട്ടു വെച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചെലവു പങ്കിടാന്‍ തയ്യാറായിരുന്നെങ്കിലും പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നു പുറകോട്ടു പോയി. പദ്ധതികള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനായി പ്രധാനമന്ത്രി ആരംഭിച്ച ‘പ്രഗതി’ യുടെ ഭാഗമായിട്ടുകൂടി നടപ്പാകാതെ പോയ പദ്ധതിയാണ് ശബരി റെയില്‍വേ. പ്രധാനമന്ത്രി നേരിട്ട് പുരോഗതി വിലയിരുത്തുകയും പദ്ധതി വേഗത്തിലാക്കാന്‍ ഭൂമിയുടെ അളവ് കുറക്കുകയും ചെയ്തിട്ടും പദ്ധതി എങ്ങുമെത്തിയില്ല.

പിന്നീട് പദ്ധതിയുടെ പകുതി തുക വഹിക്കുന്നതിലുള്ള എതിര്‍പ്പ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിച്ചെങ്കിലും കാബിനറ്റ് അംഗീകാരം വൈകുകയാണ്. പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഫയല്‍ കാബിനറ്റിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ വിഷയത്തില്‍ ഉണ്ടാകണമെന്നാണ് വികസന സമിതിയുടെ ആവശ്യം.

ശബരിമല തീർത്ഥാടകരെ ലക്ഷ്യമിടുന്ന ഇരു പദ്ധതികളും നടപ്പിലായാൽ തിരുവിതാകൂറിന്റെ മലയോര മേഖലയുടെ സമഗ്ര വികസനം സാധ്യമാകും. ദേശീയ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഏറെ യാത്രാ സൗകര്യം ഒരുക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും. റെയില്‍ പദ്ധതി വിമാനത്താവളത്തിനൊപ്പം പൂര്‍ത്തീകരിക്കുമ്പോള്‍ മലയോര പ്രദേശത്തിന്റെ വികസനവും മദ്ധ്യതിരുവിതാംകൂറിന്റെ വികസനവും സ്വപ്നതുല്യം ആകും.

എങ്ങുമെത്താതെ കേവലം എട്ടു കിലോമീറ്ററോളം മാത്രം പൂര്‍ത്തീകരിക്കപ്പെട്ട് ഇഴഞ്ഞു നീങ്ങുന്ന ശബരി റെയില്‍വേ പദ്ധതിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. നിലവില്‍ അങ്കമാലിയില്‍ നിന്ന് തുടങ്ങി എരുമേലി വരെ 14 സ്റ്റേഷനുകളാണ് ശബരി റെയില്‍വേ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ ആദ്യ സര്‍വ്വേ പ്രകാരം ഉള്ള പദ്ധതി നടപ്പിലാക്കണമെന്നാണ് മലയോര നിവാസികളുടെ ആവശ്യം. അങ്കമാലി തുടങ്ങി എരുമേലി അവസാനിപ്പിക്കണമെന്നാണ് ചിലർ പറയുന്നത്. ഇത് ഫലത്തിൽ പാത ഇല്ലാതാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മലയോര പ്രദേശങ്ങളെ ഒന്നാകെ കോർത്തിണക്കി തിരുവനന്തപുരവുമായി ബന്ധിച്ച് നിർദ്ദിഷ്ട പാത ലാഭകരമാക്കാൻ കഴിയും.

21 വര്‍ഷങ്ങള്‍ക്ക് മുന്‍പേ പദ്ധതിയിട്ട ശബരി റെയില്‍വേ ഇതുവരെയും എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിനും ഈ പ്രതിസന്ധിയുണ്ടാകരുതെന്നതിനാലാണ് മലയോര വികസനം മുന്‍നിര്‍ത്തി വികസന ഫോറം രൂപീകരിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ ജനപ്രതിനിധികളേയും എല്ലാ മേഖലയിലേയും പ്രമുഖരെയും ഉള്‍പ്പെടുത്തി കോട്ടയത്ത് മഹാസമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള നീക്കത്തിലാണ് വികസന സമിതിയുടെ നേതാക്കള്‍.

വികസന സമിതിയുടെ പ്രവർത്തനങ്ങൾ താഴെതട്ടിൽ വരെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ശബരി റെയിൽവേ, വിമാനത്താവള പദ്ധതികളുടെ പരിധിയിൽ വരുന്ന എല്ലാ ബ്ലോക്കുകളിലും കേരളത്തിന് പുറത്ത് എല്ലാ സംസ്ഥാനങ്ങളിലും എല്ലാ വിദേശരാജ്യങ്ങളിലും ചാപ്റ്ററുകൾ രൂപീകരിക്കും. ഇതിന് മുന്നോടിയായി ശബരി റെയില്‍വേയുടെ സംയുക്ത സമിതി മുഖ്യമന്ത്രിയെ കണ്ട് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് നിവേദനവും നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിഷയത്തില്‍ നിലവില്‍ ഇടപെടാന്‍ കഴിയില്ലെന്നറിയിച്ച മുഖ്യമന്ത്രി പദ്ധതി നടപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും സംയുക്ത സമര സമിതി നേതാക്കളെ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com