തിരുവനന്തപുരം: ജില്ലയില്‍ ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോസ് ജി. ഡിക്രൂസ് അറിയിച്ചു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും പ്രതിരോധ മരുന്നുകളും എല്ലാ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, വെള്ളം കുടിക്കുവാന്‍ പ്രയാസം തുടങ്ങിയവയാണു ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ പത്തു ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം എടുക്കാത്ത കുട്ടികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ക്കു രോഗസാധ്യത കൂടുതലാണ്. ഡിഫ്തീരിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.