മലപ്പുറം : പൂക്കോട്ടൂര്‍ പഞ്ചായത്ത് മൈലാടിയില്‍ റവന്യൂ പുറമ്പോക്കില്‍ സ്ഥിതി ചെയ്യുന്ന ക്വാറിയിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീനയും ചേര്‍ന്ന് നിര്‍വഹിച്ചു. മിച്ചഭൂമിയായി ഏറ്റെടുത്ത 2.4 ഏക്കറിലാണ് ക്വാറി സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ ലീസിന് നല്കിയ ഭൂമിയില്‍ 1992 വരെ ക്വാറി പ്രവര്‍ത്തിച്ചിരുന്നു. വേനല്‍കാലത്ത് പോലും വറ്റാത്ത വെള്ളം ക്വാറിയില്‍ ഉണ്ടാവാറുണ്ട്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കുടിവെള്ളത്തിന് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 17 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ക്വാറിയിലെ വെള്ളം ശുദ്ധീകരിച്ച് 20,000 ലിറ്റര്‍ ടാങ്കിലെത്തിച്ച് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.5 മീറ്റര്‍ ഉയരത്തില്‍ തടയണകെട്ടി ജലസംഭരണ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. 9,11,972 രൂപ ചെലവഴിച്ചാണ് തടയണ നിര്‍മിച്ചത്. ഇതിനായി 489 തൊഴില്‍ ദിനങ്ങള്‍ ആവശ്യമായി വന്നു. കൂലിയിനത്തില്‍ 2,30,443 രൂപയും നിര്‍മാണ സാധനങ്ങള്‍ക്കായി 6,81,529 രൂപയുമാണ് ചെലവഴിച്ചത്. കോഴിക്കോട് വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റിലെ ശാസ്ത്രജ്ഞര്‍ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് പദ്ധതി തയ്യാറാക്കിയത്. ക്വാറി പരിസരത്ത് നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം ഹംസ കുന്നത്ത്, തഹസില്‍ദാര്‍ പി സുരേഷ്, വില്ലേജ് ഓഫീസര്‍ ജയകൃഷ്ണന്, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഉണ്ണികൃഷ്ണന്, കെ അസീസ് മാസ്റ്റര്‍, മൂസ പടീക്കുത്ത് എന്നിവര്‍ പങ്കെടുത്തു.