3
Thursday
December 2020

പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം ജില്ലാ കളക്ടര്‍

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട : മാതൃകാ പെരുമാറ്റച്ചട്ടവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കക്ഷി രാഷ്ട്രീയഭേദമന്യേ ആയിരിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരിശീലനം നല്‍കുന്ന പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ്, വീഡിയോ വ്യൂവിംഗ് സ്‌ക്വാഡ്, വീഡിയോ സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കിയത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളേയും സ്ഥാനാര്‍ത്ഥികളേയും നിയന്ത്രിക്കാനായി പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍. പ്രഭാഷണങ്ങള്‍, തിരഞ്ഞെടുപ്പ് ദിനം, ബൂത്തുകള്‍ , തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഉള്ളടക്കം, പ്രചരണം, പൊതുവായുള്ള പെരുമാറ്റം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുക വഴി സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പിന് സാഹചര്യമുണ്ടാക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.
യോഗത്തില്‍ സി വിജില്‍ എന്ന ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ നടക്കാവുന്ന ക്രമക്കേടുകള്‍ കമ്മിഷനെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ് ഈ ആപ്പിലൂടെ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഏത് വിഷയവും പൊതുജനങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ വഴി രേഖപ്പെടുത്താം. ചട്ടലംഘനം സംബന്ധിച്ച ചിത്രങ്ങളും രണ്ട് മിനിറ്റുവരെയുള്ള വീഡിയോകളും ഈ ആപ്പിലൂടെ അയക്കാം. മുമ്പ് ശേഖരിച്ചിട്ടുള്ള ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ അയക്കാനാകില്ല. ആപ്പുവഴി അയക്കുന്ന ചിത്രങ്ങളും വീഡിയോയും അതതിടങ്ങളിലെ തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമിലായിരിക്കും ലഭിക്കുക. വിവരം നല്‍കുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. പരാതി ലഭിച്ചാല്‍ 100 മിനിറ്റിനുള്ളില്‍ നടപടിയുണ്ടാകും. എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് പരാതിക്കാരനെ അറിയിക്കും. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, അഡിഷന്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആലിസ് ആന്‍ഡ്രൂസ് കോട്ടിരി, മാതൃകാപെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ ചെറിയാന്‍ വി കോശി, ജൂനിയര്‍ സൂപ്രണ്ട് ജി മനോജ് തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ് കുമാര്‍, ജില്ലാ നോഡല്‍ ഓഫീസര്‍ കെ. ഷൈല, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com