ആലപ്പുഴ: വൃദ്ധസദനത്തിലെ അന്തേവാസികളോട് സമ്മതി ദാനവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് എത്തി. പ്രായാധിക്യത്തിന്റെ പിടിയിലായ ഒരു കൂട്ടം വൃദ്ധജനങ്ങള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വഹിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിനല്‍കുകയാണ് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായാണ് കളക്ടര്‍ ആലപ്പുഴ വാടക്കലിലുള്ള കയര്‍ തൊഴിലാളികളുടെ വൃദ്ധസദനത്തില്‍ എത്തിയത്.
അന്തേവാസികളോട് അദ്ദേഹം ഏറെനേരം സംവദിച്ചു. വോട്ട് രേഖപ്പെടുത്താന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഹന സൗകര്യം അടക്കമുള്ള സംവിധാനങ്ങള്‍ ഇവര്‍ക്കായി ഒരുക്കും. അന്താവാസികള്ക്ക് ആവശ്യമായ പുതപ്പുകളും മറ്റും അദ്ദേഹം വിതരണം ചെ്തു. കയര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന് കീഴിലുള്ള വൃദ്ധസദനത്തില്‍ 11 അന്തേവാസികളാണുള്ളത്.
വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ വയോജനങ്ങളെ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. വിവിധ ബൂത്തുകളിലേക്ക് വയോജനങ്ങളെ എത്തിക്കുന്നതിനായി 243 വാഹനങ്ങളാണ് സര്‍വീസ് നടത്തുക. വീല്‍ ചെയറുകള്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പ്രത്യേക നോഡല്‍ ഓഫീസറുടെ കീഴിലുള്ള ടീം തന്നെ സന്നദ്ധരായി രംഗത്തുണ്ട്. കേരള കയര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് പ്രതിനിധികളും കളക്റ്റര്ക്കൊപ്പം ഉണ്ടായിരുന്നു.