പത്തനംതിട്ട: മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വാരാചരണം. എഡിഎം പി.റ്റി എബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സാം ചെമ്പകത്തില്‍ മലയാളദിന സന്ദേശം നല്‍കും. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ പി.അജന്തകുമാരി, ഡെപ്യൂട്ടി കളക്ടര്‍മാരായ അലക്സ് വി.തോമസ്, എസ്.ശിവപ്രസാദ്, വി.ബി.ഷീല, ആര്.ഐ. ജ്യോതിലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് മലയാള ഭാഷയും കേരളവും എന്ന വിഷയത്തിലുള്ള സെമിനാര്‍ നടക്കും. സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു സെമിനാര്‍ നയിക്കും. നവംബര്‍ മൂന്നിന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാളം കേട്ടെഴുത്ത് മത്സരം, ഫയല്‍ എഴുത്ത് മത്സരം, കവിതാലാപനം എന്നിവ നടക്കും.
സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ മലയാളഭാഷ ഉദയവികാസന വികസന ചരിത്ര സെമിനാര്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ ഇംഗ്ലീഷ് വാക്കുകള്‍ക്ക് തുല്യമായ മലയാളം വാക്കുകളുടെ പ്രദര്‍ശനം, മലയാളം കംപ്യൂട്ടിംഗ് ക്ലാസുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ വാരാചരണത്തോടനുബന്ധിച്ച് നടക്കും. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് വാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുക.